Somebody once told me
To Write Well,
Write What You Know.
This is what I know......

Monday 11 July 2011

തിരൂര്‍ സ്റ്റേഷനിലെ ചായക്കട - രണ്ടാം ഖണ്ഡം


ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം വായിച്ചവര്‍ക്ക് മാത്രമേ ഈ രണ്ടാം ഭാഗം പൂര്‍ണ്ണമായും മനസ്സിലാകൂ...
ഭാഗം: ഒന്ന് 
ദിവസം: ഫെബ്രുവരി 11, 2011, വെള്ളിയാഴ്ച വൈകുന്നേരം
വേദി: തിരൂര്‍ സ്റ്റേഷനിലെ കാന്റീന്‍

http://engagingmyinsomnia.blogspot.in/2011/02/blog-post_14.html

തുടര്‍ന്ന് വായിക്കുക...



ഭാഗം: രണ്ട് 
ദിവസം: ഫെബ്രുവരി 25, 2011, തിങ്കളാഴ്ച വൈകുന്നേരം
വേദി: തിരൂര്‍ സ്റ്റേഷനിലെ ആ കാന്റീന്‍

അന്നത്തെ സംഭവം നടന്നിട്ട് ഇന്നേക്ക് കൃത്യം മൂന്നാഴ്ച കഴിഞ്ഞു. ശനിയാഴ്ച ക്ലാസ്സ്‌ ഉള്ളപ്പോള്‍, സാധാരണ കോഴിക്കോട് ഭാഗത്തേക്ക് പോകാറുള്ളവര്‍ ആരും വരാറില്ല. ശനിയാഴ്ച ലീവ് എടുക്കാന്‍ എനിക്ക്  ആകെ കൂട്ടുണ്ടാകാറുള്ള രണ്ട് കോഴിക്കോടുകാര്‍ (ഞങ്ങള്‍ക്ക്  ശനിയാഴ്ച ക്ലാസ്സൊന്നും ബാധകമല്ല), അന്നേ ശനിയാഴ്ച നല്ല കുട്ടികളായി ക്ലാസ്സില്‍ ഇരിക്കാന്‍ തീരുമാനിച്ചു. അന്ന് വൈകുന്നേരം, സ്ഥിരം പോകാറുള്ള പാസ്സഞ്ചര്‍  ട്രെയിനില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, മറ്റൊരു എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ പരിചയപ്പെട്ടു കത്തിയടിയും ആരംഭിച്ചു. പിന്നെ കുറെ നേരം സ്ഥലകാലബോധമില്ലാതെ ഗംഭീര വാചകമടിയായിരുന്നു (ദൈവം സഹായിച്ച് അതിന് ഒരിക്കലും ഒരു ക്ഷാമവും ഉണ്ടായിട്ടില്ല). അങ്ങെനെ വണ്ടി തിരൂരെത്തി. ജനലിലൂടെ പുറത്തു നോക്കിയപ്പോഴേക്ക്  അതാ... നമ്മുടെ ചായക്കട! അവര്‍ അന്നത്തെ ഒരു 20 രൂപ തിരിച്ചു തരാനുണ്ട്‌.
ചോദിക്കണോ?
വേണ്ട...
ചോദിച്ചാലോ?
വേണ്ട... 3 ആഴ്ച മുന്നേയുള്ള സംഭവമല്ലേ. അയാള്‍ മറന്നുപോയിക്കാണും. മാത്രമല്ല, അന്ന് അവിടെ ഉണ്ടായിരുന്ന അയാള്‍ തന്നെ ഇന്നും അവിടെ ഉണ്ടാകണമെന്നില്ലല്ലോ...  വേണ്ട... 
എന്നാലും... ചോദിച്ചേക്കാം...
വേണ്ട...
ഇങ്ങനെ ധര്‍മ്മസങ്കടത്തില്‍ അകപ്പെട്ടിരിക്കുന്നതു കണ്ട എന്റെ പുതിയ സുഹൃത്ത്‌ കാര്യം തിരക്കി. വള്ളി-പുള്ളി വിടാതെ അവനു കാര്യങ്ങള്‍ വിശദമാക്കി കൊടുത്തു.
"ബെറ്ദേ ഒന്ന് ചോദിച്ച് നോക്കിക്കോളീ... കിട്ടിയാ കിട്ടി. അല്ലെങ്കി ചട്ടി!"
അവന്റെ വാക്കുകള്‍ എനിക്കൊരു പ്രചോദനമായി.
ട്രെയിന്‍ എടുക്കാറായിട്ടു കൂടി, പുറത്തിറങ്ങി, അവിടെയുള്ള ഔട്ട്‌ലെറ്റില്‍ നില്‍ക്കുന്ന ആളോട് ചോദിച്ചു,
"ഏട്ടാ, ഏകദേശം മൂന്നാഴ്ച മുന്നേ......"
പറഞ്ഞു തുടങ്ങിയപ്പോഴേക്കും ആ ഏട്ടന്‍ തിരിച്ചിങ്ങോട്ട് ചോദിച്ചു,
"ഓ... അന്ന് ഇതേ ട്രെയിനില്‍ വന്നു ചായക്ക്‌ കാശു തന്ന്, ട്രെയിന്‍ വിട്ടപ്പോള്‍ ചായ വാങ്ങിക്കാതെ തിരിച്ചു കയറിയ കുട്ടിയല്ലേ... ഓര്‍മ്മയുണ്ട്, ഓര്‍മ്മയുണ്ട്..." എല്ലാം ഒറ്റ ശ്വാസത്തില്‍ കഴിഞ്ഞു!
"അതെ ഏട്ടാ"
"20 രൂപയല്ലേ. ഇതാ. (BG മ്യൂസിക്‌ ആയി ട്രെയിനിന്റെ ചൂളം വിളി). അയ്യോ, ട്രെയിന്‍ അതാ നീങ്ങിത്തുടങ്ങി! ഇന്നാ പിടിച്ചോ 20 രൂപ. വേഗം ഓടിക്കോ; ട്രെയിന്‍ മിസ്സ്‌ ചെയ്യേണ്ട"
ഒളിമ്പിക്സ് ദീപശിഖയേന്തി പി. റ്റി. ഉഷ ഓടുന്നതുപോലെ കടക്കാരന്റെ കയ്യില്‍ ഉണ്ടായിരുന്ന 20 രൂപയും പിടിച്ചു ഞാന്‍ ട്രെയിന്‍ ലക്ഷ്യമാക്കി ഓടി.
അങ്ങനെ ട്രെയിനും കിട്ടി, 20 രൂപയും കിട്ടി :))

 ഭാഗം: മൂന്ന്
ദിവസം: ജൂലൈ 4, 2011, തിങ്കളാഴ്ച വൈകുന്നേരം
വേദി: തിരൂര്‍ സ്റ്റേഷനിലെ നമ്മുടെ ആ പഴയ കാന്റീന്‍ തന്നെ

ഇന്ന് രാവിലത്തെ പാസ്സഞ്ചറില്‍ കോളെജിലേക്ക് പോയതെ ഉള്ളു; എന്നാല്‍ ആന്‍ ജെസ്സിയും ഞാനും പനി പ്രമാണിച്ച് വൈകുന്നേരത്തെ പാസ്സഞ്ചറില്‍ തിരിച്ചു കോഴിക്കോട്ടേക്ക്... ;) കൂടെ തിരൂര്‍ക്കാരനായ ഒരു സീനിയര്‍ ഏട്ടനും ഉണ്ടായിരുന്നു.
തിരൂര്‍ സ്റ്റേഷനില്‍ അവസാനമായി കാലു കുത്തിയിട്ട് കൃത്യം നാലു മാസമായി. ഏട്ടന്‍ ഇറങ്ങി. അന്നും വണ്ടി നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ ആ ചായക്കടയുടെ നേരെ മുന്നിലായിരുന്നു! ഞങ്ങള്‍ അന്യോന്യം നോക്കി.
"മോനേ... മനസ്സില്‍ ലഡ്ഡു പൊട്ടി!!!"
വീണ്ടും ട്രെയിനിന്റെ പുറത്തിറങ്ങി. കയ്യില്‍ 50 രൂപയുടെ നോട്ട്. ഔട്ട്‌ലെറ്റില്‍ പോയി രണ്ടു കാപ്പി ഓര്‍ഡര്‍ ചെയ്തു (ഇത്തവണ ഒരു ചെയിഞ്ചിന് കാപ്പിയാക്കി). കാപ്പി കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ എന്നോട് ചോദിച്ചു,
"ഇതിനു മുന്നേ ഇവിടെ വന്നിട്ടുണ്ടോ?"
"ഉണ്ട്"
"അന്നൊരിക്കല്‍ ചായ ഓര്‍ഡര്‍ ചെയ്ത്, വാങ്ങിക്കാതെ പോയ..."
"(ഒരു ചമ്മിയ ചിരിയോടെ ഞാന്‍) അതെ, ആ 20 രൂപ പിന്നെ വന്നു വാങ്ങിച്ചു"
"ഓര്‍മ്മയുണ്ട് :) "
ഇയാള്‍ തന്നെയാണോ കഴിഞ്ഞ മൂന്നു പ്രാവശ്യവും ഇവിടെയുണ്ടായിരുന്നത്?
പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അയാള്‍ കാപ്പി ആദ്യത്തെ ഗ്ലാസ്സിലേക്ക്‌ ഒഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വണ്ടിയുടെ ചൂളം വിളി.
"ദാ, വണ്ടി എടുക്കുന്നു. വേഗം കയറിക്കോളൂ"
അതും പറഞ്ഞുകൊണ്ട്  അയാള്‍ രണ്ടാമത്തെ കപ്പിലേക്ക് കാപ്പി ഒഴിച്ചു.
ഓരോ കയ്യിലും ഓരോ കപ്പുമേന്തി വീണ്ടും ട്രെയിന്‍ ലക്ഷ്യമാക്കി ഞാന്‍ ഓടി. പരാക്രമത്തിനൊടുവില്‍ ട്രെയിനില്‍ കയറിപ്പറ്റിയെങ്കിലും കപ്പില്‍ പകുതി കാപ്പി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും പറയാതെ വയ്യ, നല്ല അസ്സല്‍ കാപ്പി!
പക്ഷെ പിന്നീടാണ് കയ്യില്‍ ചുരുട്ടിപ്പിടിച്ച 50 രൂപയുടെ കാര്യം ഓര്‍മ്മ വന്നത്......!!!
ഇനി അടുത്ത തവണ ആ കാന്റീനിനു മുന്നില്‍ വണ്ടി നിര്‍ത്തുമ്പോള്‍ കൊടുക്കാം. ഏതായാലും ആ ചായക്കടക്കാരന്റെയും ഞങ്ങളുടെയും ഇടയില്‍ ശക്തമായ ഒരു ആത്മബന്ധം ഉടലെടുത്തല്ലോ.
ഞങ്ങള്‍ വാങ്ങിയ കാപ്പിയുടെ കാശ് എന്നെങ്കിലും തിരിച്ചു കൊടുക്കുമെന്ന് അയാള്‍ക്കറിയാം :)


വിശ്വാസം... അതല്ലേ എല്ലാം......!!!