Somebody once told me
To Write Well,
Write What You Know.
This is what I know......

Wednesday, 25 August 2010

Onam Special

അങ്ങനെ ഒരു ഓണക്കാലം കൂടി അവസാനിക്കാറായി. കോളേജ് തുറക്കുന്നത് തന്നെ ഒരു യുനിവേഴ്സിററി പരീക്ഷിയോടുകൂടെയാണ്. എല്ലാവരും ഓണമൊക്കെ അടിച്ചുപൊളിച്ചോ? ഓണമെന്നു പറയുമ്പോള്‍ തന്നെ നമുക്ക് ഓര്‍മ്മ വരുന്നത് പൂക്കളം, ഓണക്കോടി, സദ്യ, പായസം, ഓണക്കളികള്‍...ഇതൊക്കെയായിരിക്കുമല്ലോ. എന്നാല്‍ എനിക്ക് ആദ്യം ഓര്‍മ്മ വരുന്നത് സ്കൂളില്‍ എന്‍റെ കൂടെ പഠിച്ച ഒരു കുട്ടിയെയാണ്, അവള്‍ എഴുതിയ ഒരു പ്രബന്ധത്തെ കുറിച്ചാണ്. ഒമ്പതാം ക്ലാസ്സിലെ ഓണം വെകേഷന്‍ കഴിഞ്ഞു വന്നപ്പോള്‍ മലയാളം അധ്യാപിക ഈ വര്‍ഷം എങ്ങനെ ഓണം ആഘോഷിച്ചു എന്നതിനെക്കുറിച്ച് എഴുതാന്‍ പറഞ്ഞു. ഞങ്ങളുടെ ക്ലാസ്സിലുള്ള ഈ കുട്ടി (വളരെ സത്യസന്ധമായി)എഴുതിയത് ഇങ്ങനെയാണ്:





എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഓണം അടിപൊളിയായി ആഘോഷിച്ചു (അടി പൊളിയാതെ സൂക്ഷിച്ചാല്‍ മതി). വീട്ടില്‍ അച്ഛനും അമ്മയും ഞാനും ഉണ്ടായിരുന്നു (അങ്ങനെ എടുത്തു പറയണമെങ്കില്‍ സാധാരണ അച്ഛനും അമ്മയും ഈ കുട്ടിയും ഒന്നിച്ചുണ്ടാകാറില്ല എന്നായിരിക്കുമോ ഉദ്ദേശിച്ചത്?). തിരുവോണ ദിവസം ഞാന്‍ അതിരാവിലെ എട്ടു മണിക്ക് എഴുന്നേറ്റു (മറ്റുള്ള അവധി ദിവസങ്ങള്‍ വച്ചു നോക്കുമ്പോള്‍ അത് 'അതിരാവിലെ' തന്നെയാണ്). മുറ്റത്തേക്കിറങ്ങി നോക്കിയപ്പോള്‍ വേലക്കാരി മുറ്റത്തു പൂക്കളമൊരുക്കുന്നുണ്ടായിരുന്നു (ആ വേലക്കാരിക്കെങ്കിലും ബോധമുണ്ടല്ലോ, അതുമതി). പ്രാതല്‍ കഴിച്ചുകൊണ്ട് ടീവിയില്‍ അന്ന് ആദ്യമായി അവതരിപ്പിച്ച സൂപ്പര്‍ ഹിറ്റ്‌ സിനിമ അച്ഛനും അമ്മയും ഞാനും ഒന്നിച്ചിരുന്നു കണ്ടു. ഉച്ചയ്ക്ക് ഞങ്ങള്‍ നഗരത്തിലെ പ്രശസ്തമായ സാഗര്‍ ഹോട്ടലില്‍നിന്ന് ചിക്കന്‍ ബിരിയാണി കഴിച്ചു (അന്നൊന്നും അവിടെ മൊബൈല്‍ ക്യാമറ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നില്ല എന്ന ശുഭപ്രതീക്ഷയോടെ). പിന്നീട് ഞങ്ങള്‍ മിഠായി തെരുവില്‍ കറങ്ങാന്‍ പോയി.വൈകുന്നേരം നാല് മണി മുതല്‍ ആറര വരെ ഞങ്ങള്‍ കോഴിക്കോട് ബീച്ചില്‍ ആഘോഷിച്ചു കളിച്ചു തിമര്‍ത്തു (ബീച്ചിലുള്ള പാലം തകര്‍ന്നു പോയത് തിരമാലകളുടെ ആക്രമണത്തില്‍ ആണെന്നാണ്‌ ഞാന്‍ വിചാരിച്ചിരുന്നത്. ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്...). അതിനു ശേഷം ഞങ്ങള്‍ പാരഗണ്‍ ഹോട്ടലില്‍ കയറി വെളേളപ്പവും ഫിഷ്‌ മോളിയും അടിച്ചു. എന്നിട്ട് വീട്ടിലേക്കു മടങ്ങി (ഏതായാലും കോഴിക്കോടുള്ള ഒട്ടുമിക്ക ഹോട്ടലുകളും ഈ ഓണത്തിന് കയറിയിറങ്ങിയല്ലോ). ഈ ഓണം എന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്!





ഇതായിരുന്നു ആ കുട്ടിയുടെ ഓണം. വലിയ വലിയ സിറ്റികളിലൊക്കെ ഇങ്ങനെതന്നെ ആണ് ഓണം എന്ന് പറയാന്‍ പറ്റില്ല, കാരണം ഞാനും അതെ സിറ്റിയില്‍ ജനിച്ചു വളര്‍ന്നു ജീവിച്ച ഒരാളാണ്. പിന്നെ എന്തുകൊണ്ടാണ് പല മലയാളികളുടെയും ഓണാഘോഷം ഹോട്ടലുകളിലും ബീച്ചുകളിലും ടിവിയുടെ മുന്‍പിലുമായി ഒതുങ്ങി പോകുന്നത്? ഇതിനു ആരെയാണ് കുറ്റം പറയേണ്ടത്???


അങ്ങനെ ഒരുപാട് ചോദ്യങ്ങളുമായി ഈ ഓണം ദൂരേക്ക്‌ മാഞ്ഞു പോകുകയാണ്...


ഇനി അടുത്ത ഓണത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം......

Sunday, 15 August 2010

माँ, तुझे सलाम... वन्दे मातरम...!!!

Friday, 13 August 2010

പരീക്ഷകള്‍...ഇതെന്തൊരു പരീക്ഷണം......!

ഞങ്ങളുടെ നാലാം സെമെസ്റ്റര്‍ പരീക്ഷ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ ഒപ്പമുള്ള ഹോസ്റ്റലേഴ്സൊക്കെ അവിടെ ഇരുന്നു പൂര പഠിപ്പാണ്. ഞാന്‍ മാത്രം പരീക്ഷയ്ക്ക് ഇടയിലുള്ള ലീവിന് പോലും വീടിലേക്ക്‌ ഓടി വരുന്നത്. അവരൊക്കെ അതുപറഞ്ഞ് എന്നെ എന്നും കളിയാക്കും. (എന്നാലും മാറാന്‍ ഞാന്‍ ഉദ്ദേശിട്ടില്ലട്ടോ.)Digital Integrated Electronics ഇന്നലെ, അതായിത്, 12 August, Digital Electronics ആയിരുന്നു പരീക്ഷ. ക്വസ്ടിന്‍ പേപ്പര്‍ കിട്ടിയ ഉടനെ തന്നെ ഞാനൊന്ന് ഓടിച്ചുനോക്കി. 11 മണി വരെ എഴുതാനുള്ള വക അതിലുണ്ട്, അല്ല, എന്റെ തല്ലയ്ക്കകത്തുണ്ട്. 9:30-12:30 വരെയാണ് പരീക്ഷാ സമയം എന്ന് തോന്നുന്നു. എല്ലാ പരീക്ഷയ്ക്കും നേരത്തെ എഴുന്നേറ്റു പോകുന്നതു കാരണം പരീക്ഷാസമയത്തെക്കുറിച്ച് അത്ര നിശ്ചയമില്ല .

ഞങ്ങളുടെ കോളേജിലെ ഫസ്റ്റ് ബാച്ചില്‍ ഉള്‍പ്പെട്ട ചില ചേട്ടന്മാരും ചേച്ചിമാരും ഇപ്പോഴും സപ്പ്ളിമെന്ററി എക്സാം എഴുതാന്‍ വരുന്നുണ്ട് എന്നത് ആദ്യമൊക്കെ എനിക്ക് വലിയ അതിശയമായിരുന്നു. പക്ഷെ ഇപ്പോള്‍ അതില്‍ വലിയ അതിശയമൊന്നും ഇല്ല. അവരെ കാണുമ്പോഴൊക്കെ, വരും വര്‍ഷങ്ങളില്‍ ഞാനും ഇതുപോലെ സപ്പ്ളി എഴുതാന്‍ വരേണ്ടതാണല്ലോ എന്നോര്‍ക്കുമ്പോള്‍ അവരോടൊക്കെ ആദരവ് തോന്നിപ്പോവും. ഈ ചേട്ടന്മാരും ചെചിമാരുമൊക്കെയാണ് ഞങ്ങളെപ്പോലുള്ള പാവങ്ങള്‍ക്ക് വഴികാട്ടികള്‍.

കോളേജില്‍ ചേരാന്‍ വന്ന സമയത്ത് ഒരു സുഹൃത്തിന്റെ അമ്മ അവളോട്‌ പറയുന്നത് കേട്ടതാണ്, "മോളെ...നീ വെറുതെ മാതാപിതാക്കളെ ഗുണ്ടകളാക്കല്ലേ..."
(ref : "പലവട്ടം കാത്തു നിന്ന് ഞാന്‍..." എന്ന പാട്ടിലെ "...സപ്പ്ളികള്‍ തീര്‍ത്തൊരു കൊട്ടാരത്തിന്‍ മുന്നില്‍ പകച്ചു നിന്നു, മാതാപിതാക്കള്‍ ഗുണ്ടകളായില്ലേ..." എന്ന വരി)
അങ്ങനെ നോക്കുവാണെങ്കില്‍ എന്റെ അച്ഛനും അമ്മയും കുപ്രസിദ്ധ ഗുണ്ടകളായിതീരാന്‍ അധികം കാലം കാത്തിരിക്കേണ്ടി വരില്ല. മൂന്നാം സെമെസ്ടര്‍ പരീക്ഷാഫലം വരേണ്ട താമസമേ ഉള്ളു.

പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും നീട്ടിക്കൊണ്ടു പോകുന്നു കാലിക്കറ്റ് യൂനിവേഴ്സിററിക്ക് ഒരായിരം നന്ദി. അത്രയും കാലമെങ്കിലും മാതാപിതാക്കള്‍ സമാധാനത്തോടെ ഇരുന്നുകൊള്ളട്ടെ............

Saturday, 7 August 2010

BLOGGICIDE...A CRIME???

Create Your Own Blog: 6 Easy Projects to Start Blogging Like a Pro
മുന്നേ പറഞ്ഞിരുന്നോ എന്നറിയില്ല, ഞാന്‍ ഭയങ്കര മടിച്ചിയാണ്. ആരെങ്കിലും പിന്നില്‍ നിന്ന് നിരന്തരം ഉന്തി തള്ളി വിട്ടാലേ എന്തങ്കിലും ചെയ്യുള്ളൂ. ഈ ബ്ലോഗിന്റെ കാര്യത്തിലും അതുതന്നെയാണ്  അവസ്ഥ. സ്ഥിരമായി പോസ്റ്റ്‌ ചെയ്യാനൊന്നും എന്നെ കൊണ്ട് പറ്റില്ല. എന്നാല്‍ ഈ ബ്ലോഗ്‌  നല്ല രീതിയില്‍ തുടര്‍ന്നുകൊണ്ടു പോകാന്‍ എനിക്ക് പ്രചോദനം നല്‍കുന്ന രണ്ടു സുഹൃത്തുക്കള്‍ ഇപ്പോഴെനിക്കുണ്ട്. ആദ്യമായി ഞാന്‍ അവരോടു നന്ദി പറഞ്ഞുകൊള്ളുന്നു. പിന്നെ, എനിക്കിപ്പോള്‍ സ്റ്റഡി ലീവ് ആണ്, അതുകൊണ്ട് ഇഷ്ടം പോലെ സമയമുണ്ട്. പക്ഷെ ക്ലാസ്സ്‌ തുടങ്ങിയാല്‍ വീണ്ടും ഈ ബ്ലോഗിനെ ശ്രദ്ധിക്കാന്‍ പറ്റില്ല. ഇതിനു മുന്നേയും എനിക്ക് കിട്ടിയ രണ്ടു യുനിവേഴ്സിടി എക്സാം സ്റ്റഡി ലീവുകളില്‍ ഓരോ ബ്ലോഗ്‌ വീതം ഉണ്ടാക്കിയിരുന്നു. പക്ഷെ പിന്നീട് ആരും തിരിഞ്ഞുനോക്കാനില്ലാതെ കഷ്ടപ്പെട്ട ആ പാവങ്ങളെ ഞാന്‍ മനസ്സില്ലാ മനസ്സോടെ ദയാവധത്തിനു ഇരയാക്കി ( i mean i deleted those blogs). ഇനി ഒരു ബ്ലോഗിനും ആ ഗതി വരല്ലേ എന്നാണു എന്റെ പ്രാര്‍ത്ഥന. അതുകൊണ്ട്  ഈ ബ്ലോഗിനെ പാടേ ഉപേക്ഷിക്കാതിരിക്കാനും ദയാവധത്തിന് ഇരയാക്കാതിരിക്കാനും പരമാവധി ശ്രമിക്കുന്നതാണ്. അത് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌... ഒന്ന് രണ്ടു ദിവസം മുന്നേ നെറ്റില്‍ വെറുതെ ഇങ്ങനെ സര്‍ഫ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കണ്ടതാണ് SPCB  എന്ന ഒരു സൊസൈറ്റി. State Pollution Control Board അല്ല, Society for the Prevention of Cruelty to Blogs.
കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി...ഇതിനും ഒരു സൊസൈററിയോ? നിങ്ങള്‍ക്കും ഇതൊരു പുത്തന്‍ അറിവായിരിക്കും എന്ന് വിശ്വസിച്ചുകൊള്ളട്ടെ. SPCBയുടെ ആളുകളാരും എന്നെ കാണണ്ട, കണ്ടാല്‍ തൂക്കിക്കൊല്ലും! രണ്ടു ബ്ലോഗുകളെ നിര്‍ദയം കൊന്നൊടുക്കി, എന്നിട്ടും കൊതി തീരാതെ വീണ്ടുമൊരു ബ്ലോഗ്‌ തുടങ്ങി. ഇതില്‍പ്പരം എന്ത് ദ്രോഹമാണ്  ബ്ലോഗിങ്ങ് എന്ന കലയോട് ചെയ്യാന്‍ പറ്റുക? [ നമ്മളെക്കൊണ്ട് ഇത്രയോക്കെയല്ലേ ചെയ്യാന്‍ പറ്റൂ... ;-)  ]. അപ്പോള്‍ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍.

ഇപ്പൊ കുറച്ചു നാളായിട്ട് ബ്ലോഗ്ഗിങ്ങല്ല, TV ആണ് താല്പര്യം. TVലെ പരിപാടികളും സ്ഥിരമായി കാണാറില്ലായിരുന്നു. എന്നാല്‍ ഇത്തവണ (സ്റ്റഡി) ലീവിന് വന്നപ്പോള്‍ TVലെ ചാനലുകളൊക്കെ ഒന്ന് വെറുതെ ഓടിച്ചു നോക്കിയതായിരുന്നു. അപ്പോഴാണ്‌ പുതിയൊരു UFx എന്ന ചാനല്‍ ശ്രദ്ധയില്‍ പെട്ടത്. ആ ചാനലില്‍ CALL A TUNE  എന്നൊരു പരിപാടിയുണ്ട്. അത് ആങ്കര്‍ ചെയ്യുന്ന Surya എന്ന വീഡിയോ ജോക്കിയെ ഒരുപാട് ഇഷ്ടപ്പെട്ടു. അതിനു ശേഷം എന്നും ഉച്ചക്ക് ഒന്നര തൊട്ടു രണ്ടര വരെയും രാത്രി ഏഴു മണി തൊട്ടു എട്ടു മണി വരെയും TVയുടെ മുന്‍പില്‍ തപസ്സാണ്. അതാണ്‌ പരിപാടിയുടെ സമയം. പിന്നെ ഓര്‍കൂട്ടിലും ഫേസ് ബുക്കിലും VJ SURYA FANS  എന്ന കമ്മ്യൂണിറ്റി തുടങ്ങി, Suryaയുടെ ഫോട്ടോസും വീഡിയോസും  ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു ഡൌണ്‍ലോഡ്  ചെയ്തു... അങ്ങനെ പൊടിപൂരമായിരുന്നു.( ഇത്തവണ ഇന്റര്‍നെറ്റ്‌ ബില്‍ വരുമ്പോള്‍ മിക്കവാറും അമ്മ ബോധം കെട്ടു വീഴും!!!!!! ) നിങ്ങള്‍ ഈ പരിപാടി ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ ഇനിമുതല്‍ കാണാന്‍ ശ്രമിക്കുക. Surya is simply AWESOME! She really ROCKS!!! കണ്ടിഷ്ടപ്പെട്ടാല്‍ VJ SURYA FANSല്‍ ചേരാന്‍ മറക്കല്ലേ...... അതിലേക്കുള്ള ലിങ്കുകള്‍ താഴെ കൊടുക്കുന്നുണ്ട്.
Orkut Fans Community : http://www.orkut.co.in/Main#Community?cmm=104916258
Facebook Fans Group : http://www.facebook.com/group.php?gid=107642219291122&ref=mf
ഇനി കുറച്ചു ദിവസത്തിന് ശേഷം നമുക്ക് വീണ്ടും കണ്ടുമുട്ടാം... പുതിയൊരു വിഷയവുമായി...........