Somebody once told me
To Write Well,
Write What You Know.
This is what I know......

Friday 18 March 2011

പുതിയ മുഖം

മുന്നേ പറഞ്ഞിട്ടുണ്ടോ എന്നോര്‍മയില്ല, ഈ വര്‍ഷത്തെ കോളേജ് മാഗസിന്‍ കമ്മിറ്റിയില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഓര്‍മ്മ കിട്ടി! റസൂല്‍ പൂക്കുട്ടിയുമായുള്ള ഇന്റര്‍വ്യൂവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഈ കാര്യം പറഞ്ഞിട്ടുണ്ട്. മാഗസിന്‍ കമ്മിറ്റിയിലേക്ക് ഞാന്‍ കയറാനും, അതുവഴി പൂക്കുട്ടിയുമായി ഫോട്ടോ എടുക്കാനും, പലരുടെയടുത്തു നിന്നും ( പൂക്കുട്ടി, ഡയറക്റ്റര്‍ കമല്‍, വള്ളത്തോള്‍ നഗര്‍ സ്റ്റേഷന്‍ മാസ്റ്റര്‍, കോളെജിനടുത്തു താമസിക്കുന്ന കാളവണ്ടിക്കാരന്‍...അങ്ങനെ പലരും...) പുതിയ കുറെ വിവരങ്ങള്‍ അറിയാനും, ഒരുപാട് നല്ല അനുഭവങ്ങള്‍ ലഭിക്കാനും  കാരണമായത് "ശില്പച്ചേച്ചി" എന്ന് പേരുള്ള എന്റെയൊരു സാങ്കല്‍പ്പിക സുഹൃത്താണ് (Ref: ശില്പച്ചേച്ചിയുടെ ഓര്‍മ്മയ്ക്ക്‌ ). അതുകൊണ്ടുതന്നെ ആദ്യം ആ ശില്പച്ചേച്ചിയോടു നന്ദി പറഞ്ഞുകൊള്ളുന്നു.
ഈ വര്‍ഷത്തെ മാഗസിന്‍ കോളേജ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാകണം എന്ന ഉദ്ദേശത്തോടു കൂടി ഞങ്ങള്‍ അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് (അയ്യോ... ഇത് കേട്ട് ആരും തെറ്റിദ്ധരിക്കല്ലേ... ഞാന്‍ ചുമ്മാ ഭംഗിവാക്കു പറഞ്ഞതാ... കിടക്കട്ടെ... ഒരു വെയിറ്റിന്............ :D ). എന്തായാലും ഈ വര്‍ഷവും എന്റെ വക ഒരു കഥയുണ്ടാകും (അനുഭവിച്ചോ :P). ഇത്തവണ ഒന്നു മാറ്റിപ്പിടിക്കാമെന്നു  കരുതി കുറച്ചു റൊമാന്‍സൊക്കെ കഥയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ അത് റൊമാന്‍സ് ആയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ലല്ലോ, വായനക്കാരല്ലേ...
കഥയുടെ ഒരു ഇല്ലസ്ട്രേഷന്‍ ചെയ്യാനും ഒരു ശ്രമം നടത്തിയിട്ടുണ്ട്. പക്ഷെ എത്രത്തോളം വിജയിച്ചു എന്നറിയില്ല. എന്തായാലും ചിത്രം ഇവിടെ കൊടുക്കുന്നു. ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം തുറന്നറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു.


Sunday 6 March 2011

മാര്‍ജ്ജാര പുരാണം

ഇന്ന് എന്റെ ഏക സഹോദരി അക്കുവിനെ  പാട്ടുക്ലാസ്സിലേക്ക്  കൊണ്ടുവിടാന്‍ സ്കൂട്ടറില്‍ പോകുമ്പോള്‍ കുറച്ചകലെ ഒരു പൂച്ച റോഡരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അതിന്റെ നിര്‍ത്തവും ഭാവവുമൊക്കെ കണ്ടപ്പോഴേ അക്കു പറഞ്ഞു ഈ പൂച്ച കുറുകെ ചാടാന്‍ കാത്തു നില്‍ക്കുകയാണെന്ന്. പറഞ്ഞതു പോലെ തന്നെ ഞങ്ങള്‍ അടുത്തെത്തേണ്ട താമസം ഒരു മടിയും കൂടാതെ അതു കുറുകെ ചാടി. അക്കു പിറുപിറുത്തുകൊണ്ട്  മൂന്നു തവണ തുപ്പി (എന്തൊക്കെയോ ചില അന്ധവിശ്വാസങ്ങളുടെ പേരില്‍). പക്ഷെ ആ പൂച്ചയെ കണ്ടപ്പോള്‍, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന സിനിമയാണ് എനിക്കോര്‍മ്മ  വന്നത്. അതില്‍ വാണി വിശ്വനാഥ് മുകേഷിന്റെ വണ്ടിയുടെ മുന്നില്‍ ചാടുന്ന ഒരു സീനുണ്ട്. അതുപോലെയാണ് നമ്മുടെ പൂച്ച ചാടിയതും. ഇതോര്‍ത്ത് ഞാന്‍ ചിരിക്കാന്‍ തുടങ്ങി. അപ്പോള്‍ അക്കു പറഞ്ഞു "ഒരു വഴിക്ക് ഇറങ്ങുമ്പോള്‍ ഒരു കണ്ടന്‍ പൂച്ച കുറുകെ ചാടിയപ്പോള്‍ അതു കണ്ട് അനുചേച്ചി ചിരിക്കുവാണോ? ബെസ്റ്റ്... ദാ സൂക്ഷിച്ചൊക്കെ വണ്ടി ഓടിച്ചോളൂ ".  
അക്കുവിനെ കൊണ്ടാക്കി തിരിച്ചു വരുമ്പോഴുണ്ട് നമ്മുടെ വാണിപ്പൂച്ച നടുറോട്ടില്‍  ചത്തു കിടക്കുന്നു. ഏതെങ്കിലും കണ്ടന്‍ പൂച്ച ചിലപ്പോള്‍ നമ്മുടെ ഈ വാണിപ്പൂച്ചയുടെ കുറുകെ ചാടിയിട്ടുണ്ടാകുമോ? അതുകൊണ്ടായിരിക്കുമോ വാണിപ്പൂച്ചയ്ക്ക് ഇങ്ങനെ ദാരുണമായ ഒരു അന്ത്യം നേരിടേണ്ടി വന്നത്??? അതോ വാണി വിശ്വനാഥിനെപ്പോലെ ആത്മഹത്യ ചെയ്യാന്‍ വേണ്ടി തുനിഞ്ഞിറങ്ങിയതായിരുന്നോ???
ആത്മഹത്യയുടെ കാര്യം പറഞ്ഞപ്പോഴാണ് വേറൊരു പൂച്ചക്കഥ ഓര്‍മ്മ വന്നത്. ഒരിക്കല്‍ ഞങ്ങളെല്ലാവരും ഒരു അകന്ന ബന്ധുവിന്റെ വീട്ടിലേക്കു പോവുകയായിരുന്നു. പരിചയമില്ലാത്ത വഴി, പോരാത്തതിന് ഇടുങ്ങിയതും. അതുകൊണ്ടു തന്നെ സ്പീഡ് കുറച്ച്, ശ്രദ്ധിച്ചിട്ടൊക്കെയാണ്  കാര്‍ ഓടിച്ചിരുന്നത്. പെട്ടെന്ന്  ഏതോ ഒരു വീട്ടുമതിലിനു മുകളില്‍ നിന്ന് ഒരു സുന്ദരിപ്പൂച്ച റോഡിലേക്ക് എടുത്തു ചാടി. ശരിക്കും ആത്മഹത്യ ചെയ്യാന്‍ ചാടിയത് പോലെയുണ്ടായിരുന്നു! അമ്മ സഡന്‍ ബ്രേക്കിട്ടു. പൂച്ച റോഡിനു നടുവില്‍ തന്നെ ഇരുന്നു. മൂന്നു നാലു തവണ നീട്ടി ഹോണ്‍ അടിച്ചു. പൂച്ചയ്ക്ക് നീങ്ങാന്‍ ഒരു പ്ലാനും ഇല്ല. ഞാന്‍ മെല്ലെ കാറിനു പുറത്തിറങ്ങി അതിന്റെ അടുത്തു പോയി വിരട്ടി ഓടിക്കാന്‍ നോക്കി. ഏഹെ...ഒരു കുലുക്കവുമില്ല. അപ്പോഴുണ്ട് ആ വീട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടി ഓടി വരുന്നു. ഒരു നൂറു സോറി പറഞ്ഞ് അവള്‍ പൂച്ചയെ തൂക്കിയെടുത്തു. എന്നിട്ട് ആ കുട്ടി പറഞ്ഞ കാര്യം കേട്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. ആ വീട്ടിലെ നാലാമത്തെ പൂച്ചയാണ് ഈ പൂച്ച. ഇതിനു മുന്‍പുണ്ടായിരുന്ന മൂന്നു പൂച്ചകളും ഇവളെപ്പോലെ തന്നെ കാറിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവത്രേ... ആ വീടിന് എന്തെങ്കിലും ദോഷങ്ങള്‍ ഉണ്ടായിരിക്കണം. അതുകൊണ്ടായിരിക്കാം പൂച്ചകള്‍ അവിടെ വാഴാത്തത്. ഒരു സ്വര്‍ണ്ണ പ്രശ്നം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു :P
എന്തായാലും, നമ്മുടെ വാണിപ്പൂച്ചയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് ഞാന്‍ എന്റെയീ പോസ്റ്റ്‌ ഇവിടെ അവസാനിപ്പിച്ചുകൊള്ളുന്നു......
R.I.P. <3