പുതുവര്‍ഷം തുടങ്ങിയതിനു ശേഷം കോളേജിലെ ആദ്യത്തെ പ്രവൃത്തി ദിവസസത്തെ കുറിച്ചാണ് ഈ പോസ്റ്റ്. ആദ്യ ദിവസം, അതായിത്, ജനുവരി മൂന്നാം തീയതി തിങ്കളാഴ്ച , എല്ലാ പുതുവര്‍ഷത്തിലെയും പോലെ, എല്ലാ ദിവസവും പോലെ, ഒരുപാട് പ്രതീക്ഷകളുമായാണ് ക്ലാസ്സിലേക്ക് കയറിയത്. എന്നാല്‍ അന്നും, ഒരു ഈച്ചയെപ്പോലും ആട്ടാനില്ലാതെ വെറുതെ ഇരുന്നു കഴിച്ചുകൂട്ടി. പകുതിയോളം പേര്‍ ആബ്സന്റ് ആയിരുന്നു. കാരണം അടുത്ത ദിവസം S3 M3 ഇമ്പ്രൂവ്മെന്റ് പരീക്ഷയുണ്ടായിരുന്നു. ഒന്ന് രണ്ടു ഹവര്‍ അരൊക്കെയോ വന്നു ക്ലാസ്സ് എടുത്തു. പിന്നെ കുറെ കാലമായി പെന്റിംഗ് കിടക്കുന്ന ഒരു LIC (Life Insurance Corporation of India എന്ന് തെറ്റിദ്ധരിച്ചവരുടെ ശ്രദ്ധയ്ക്ക് : LIC എന്നാല്‍ Linear Integrated Circuits) experiment മുഴുവനാക്കി. അതാണ് ആകെയുള്ള ഉപകാരം. സ്റ്റാഫ് റൂമിലേക്ക് കയറിച്ചെന്നപ്പോള്‍ ക്ലോസ് അപ് പുഞ്ചിരിയുമായി അതാ നില്‍ക്കുന്നു "എന്റെ സ്വന്തം" ശാരിക മിസ്സ്. ആ ചിരി മായാതെ തന്നെ മിസ്സ് പറഞ്ഞു
"അനഘ LIC ലാബില്‍ അണ്ടര്‍ ആണ് ട്ടോ. എന്താ ചെയ്യണ്ടേ?"
"അണ്ടര്‍" എന്താണെന്ന് അറിയാത്തവര്‍ക്കായി വിശദീകരണം:
"അണ്ടര്‍" എന്നാല്‍ under sessionals. അതായിത് ആവശ്യത്തിനു internal marks ഇല്ല, അല്ലെങ്കില്‍ internal marks 35-ല്‍ താഴെയാണ് എന്നര്‍ത്ഥം. അങ്ങനെയാണെങ്കില്‍ യുനിവേഴ്സിറ്റി പരീക്ഷയില്‍ 40 marks പോരാ പാസ് ആകാന്‍...
എന്തായാലും അതുപോലെ തന്നെ ചിരിച്ചുകൊണ്ട് ഞാനും പറഞ്ഞു :
"എന്താ ചെയ്യണ്ടേ എന്ന് മിസ്സ് പറഞ്ഞാല്‍ അതുപോലെ ചെയ്യാം"
ആഹാ... എന്തൊരു മര്യാദക്കാരി...... :P
"അനഘ മാത്രമല്ല, വേറെ രണ്ടുപേരു കൂടി അണ്ടര്‍ ആണ്......"
അതു കേട്ടപ്പോള്‍ മനസ്സില്‍ ഒരാശ്വാസം.
"...LIC theory- ല്‍ കയറിയിട്ടുണ്ട്"
അതുകേട്ടപ്പോള്‍ അത്ഭുതസ്തബ്ധയായി നിന്നുപോയി!!! ഒട്ടും പ്രതീക്ഷിച്ചതല്ല ആ സബ്ജക്റ്റില്‍ കര കയറാന്‍ കഴിയും എന്ന്!
കേട്ട ആവേശത്തില്‍ അറിയാതെ മിസ്സിനോട് ചോദിച്ചുപോയി:
"ങേ??? തിയറിയില്‍ കയറിയോ മിസ്സ്?"
"കയറി എന്നല്ല, കയറ്റി. തിയറിയിലും ലാബിലും, രണ്ടിലും അണ്ടര്‍ ആക്കണ്ട എന്ന് കരുതി ഒരെണ്ണത്തില്‍ കയറ്റിയതാ"
സന്തോ......ഷം...
മിസ്സ് അതേ പുഞ്ചിരിയോടെ ചോദിച്ചു:
"ഇനി എന്താ ചെയ്യാ? യൂനിവേഴ്സിറ്റിക്ക് പഠിച്ചു നല്ല മാര്‍ക്സ് വാങ്ങുമോ?"
"വാങ്ങാം മിസ്സ്"
"അപ്പൊ ഞാന്‍ ഒന്നും ചെയ്യേണ്ടല്ലോ, അണ്ടര്‍ ആയാലും കുഴപ്പമില്ലല്ലോ?"
"എനിക്ക് കുഴപ്പമൊന്നും ഇല്ല. ബാക്കി രണ്ടുപേരുടെ കാര്യം..." ;-)
"അനഘയ്ക്കിപ്പോ എന്നോടുള്ള ദേഷ്യമൊക്കെ മാറിയോ?"
"മാറി മിസ്സ്, എനിക്കിപ്പോ മിസ്സിനോട് ദേഷ്യമൊന്നും ഇല്ല"
(അതൊരു വലിയ കഥയാണ്. പിന്നീടൊരിക്കലാകട്ടെ ആ കഥ)
"അതെന്താ ദേഷ്യമില്ലാത്തത്? അതെങ്ങനെയാ എന്നോടുള്ള ദേഷ്യമൊക്കെ പെട്ടെന്നു മാറുന്നേ?"
"എന്തു ചെയ്യാനാ, മാറിപ്പോയി മിസ്സ്! അത്രതന്നെ! ഞാനിപ്പോള്‍ മിസ്സിനെ ഇഷ്ടപ്പെട്ടു വരുന്നു."
അതാണ്, അതുതന്നെയാണ് സത്യം. ആദ്യം മിസ്സിനെ വെറുപ്പായിരുന്നു. അതു മിസ്സിനും അറിയാം, ഒരിക്കല്‍ ഞാന്‍ നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. സന്ധി സംഭാഷണത്തിനൊടുവില്‍ എല്ലാം പറഞ്ഞു തീര്‍ത്തു . ഇപ്പോള്‍ വെറുപ്പൊന്നും ഇല്ല. എന്നുവച്ച് മിസ്സിനെ ഇഷ്ടമൊന്നും ഇല്ലാട്ടോ. ഇഷ്ട്ടപ്പെട്ടു വരുന്നതേ ഉള്ളു. "ഒരുപക്ഷേ, ഭാവിയില്‍, മിസ്സും ഞാനും തോളോടു തോള്‍ ചേര്‍ന്നു നടക്കുന്നതായിരിക്കും കാണുക" എന്ന് ക്ലാസ്സിലെ പലരും കളിയാക്കാറുണ്ട്.
മിസ്സ് വീണ്ടും ചോദിച്ചു:
"അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായിരുന്നു എന്ന് ഇപ്പോഴെങ്കിലും തോന്നുന്നുണ്ടോ? എന്നെക്കുറിച്ച് പറഞ്ഞതെന്തെങ്കിലും തിരുത്തണമെന്നുണ്ടോ?"
മിണ്ടാതെ തല കുനിച്ചു ഞാന്‍ നിന്നു. ഒരു തിരുത്തും ഇല്ല. എന്തായാലും മിസ്സിന് കാര്യം പിടികിട്ടി.
"അങ്ങനെയൊന്നും ഇപ്പോഴും തോന്നുന്നില്ല, അല്ലേ? ശരി, ക്ലാസ്സിലേക്ക് പൊയ്ക്കോളൂ..."
രണ്ടുപേരുടെയും മുഖത്ത് പഴയ ചിരി തന്നെ.
ഞാന്‍ വീണ്ടും ആ ബോറന്‍ ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു......