Somebody once told me
To Write Well,
Write What You Know.
This is what I know......

Saturday, 30 April 2011

കല്യാണ രാജു

കുറച്ചു ദിവസമായി ഒരു ഷോക്കില്‍ ആയിരുന്നു. അതാണ്‌ ബ്ലോഗ്‌ ചെയ്യാന്‍ പറ്റാതിരുന്നത്‌. ഇപ്പോളും ആ 'കല്യാണ ഷോക്കി'ല്‍ നിന്ന് കര കയറി വരുന്നതേ ഉള്ളു. അത്രയ്ക്കും വലിയ ഒരു താങ്ങല്ലേ നമ്മള്‍ മലയാളികള്‍ക്കിട്ട് അങ്ങേര് താങ്ങിയത്! ഈ പറഞ്ഞു വന്നത് 'യുവാക്കളുടെ സ്വപ്ന നായകന്‍', 'പൌരുഷത്തിന്റെ പ്രതീകം', 'യൂത്ത് ഐക്കണ്‍' എന്നൊക്കെ പലരും വിശേഷിപ്പിച്ച മലയാളികളുടെ സ്വന്തവും തമിഴന്മാരുടെ വാടകക്കാരനുമായ പൃഥ്വിരാജിനെ കുറിച്ചാണ്. ഒരുപാട് കള്ളത്തരങ്ങള്‍ നമ്മെ പറഞ്ഞു വിശ്വസിപ്പിച്ച് അവസാനം ഗോസ്സിപ്പുകളെല്ലാം സത്യമാക്കി BBC Newsല്‍ വര്‍ക്ക്‌ ചെയ്യുന്ന സുപ്രിയ മേനോനെ പാലക്കാട്ട് വച്ച് ഒരു സ്വകാര്യ ചടങ്ങില്‍ വിവാഹം ചെയ്തു. എന്നാലും വനിതയോട് പോലും പുളു പറഞ്ഞ് നാട്ടുകാരെ മുഴുവന്‍ വിഡ്ഢികളാക്കാന്‍ അയാള്‍ക്കെങ്ങനെ ധൈര്യം വന്നു??? വല്ലാത്ത തൊലിക്കട്ടി തന്നെ മോനെ......
പൃഥ്വിരാജ് എന്ന നായക സങ്കല്പം നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോയിക്കൊണ്ടിരിക്കുകയാണോ എന്നൊരു സംശയം. പണ്ടു തൊട്ടേ ആ അഹങ്കാരവും വാചകമടിയും പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. എങ്കിലും, ആളുടെ തുറന്ന സംസാരവും സത്യസന്ധതയും നല്ല വിവരവും ഞാന്‍ ബഹുമാനിച്ചിരുന്നു. ഹോസ്റ്റലിലെ  ഗോസ്സിപ്പ്  സെഷനുകള്‍ക്കിടെ പൃഥ്വിരാജിനെ എല്ലാവരും കുറ്റം പറയുമ്പോഴും ഈ കാര്യങ്ങള്‍ പറഞ്ഞു ഞാന്‍ ആളെ സപ്പോര്‍ട്ട് ചെയ്യാറുണ്ട് (ഇഷ്ടം കൊണ്ടൊന്നും അല്ല, ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഞാന്‍ മിക്കവാറും മൈനോരിറ്റി പക്ഷക്കാരെയാണ് പിന്താങ്ങാറ് ). അതേ കാരണം കൊണ്ടു തന്നെ ഹോസ്റ്റലില്‍ "രാജു" എന്ന് ഞാന്‍ ആക്കി വിളിക്കുന്ന പൃഥ്വിരാജിനെയും എന്നെയും ചേര്‍ത്ത് പല ഗോസ്സിപ്പുകളും ഇറങ്ങിയിട്ടുണ്ട്. എന്തിനധികം പറയുന്നു, ആളുടെ ചേട്ടന്‍ ഇന്ദ്രജിത്തിന്  ഓര്‍കൂട്ടിലും ഫേസ്ബുക്കിലും ഒരു ഫ്രണ്ട് റിക്വസ്റ്റ്  അയച്ചത്, അതുവഴി രാജുവിനെ പരിചയപ്പെടാനാണെന്നു പോലും ചില മ്ലേച്ഛന്‍മാര്‍ പറഞ്ഞു പരത്തി! (പക്ഷെ ഞാന്‍ ഈ കിംവദന്തികള്‍ക്കൊന്നും ചെവി കൊടുക്കാറില്ല). എന്തായാലും ഇനി "പുല്ലുവെട്ടുകാരന്‍ രായപ്പന്‍", "കള്ളുചെത്തുകാരന്‍ രായപ്പന്‍" എന്നൊക്കെ പറഞ്ഞ് എന്നെ ഊതാന്‍ കൂട്ടുകാര്‍ക്ക് പറ്റില്ലല്ലോ...!
നമ്മള്‍ എന്താ പറഞ്ഞു വന്നത്...... ആ...... നായക സങ്കല്പം. ഒരു സുഹൃത്ത്‌ എപ്പോഴും പറയാറുണ്ട്‌, രാജുവിന്  മലയാളത്തിലെ ഹീറോ കഥാപാത്രങ്ങളെക്കാള്‍ നന്നായി ചേരുന്നത് തമിഴിലെ പോലെ ആന്റി-ഹീറോ കഥാപാത്രങ്ങളാണെന്ന്. ഇപ്പോള്‍ തോന്നുന്നു ജീവിതത്തിലും അതു ബാധകമാണെന്ന്. എന്റെ മാതാശ്രീ ഈ ന്യൂസ്‌ കണ്ടത് മുതല്‍ പറയുന്നുണ്ട് "ഇവന്‍ മാത്രം എന്താ ഇങ്ങനെയായിപ്പോയത്? അവനോടു ഏട്ടനെ കണ്ടു പഠിക്കാന്‍ പറയണം. എന്തൊരു നല്ല പെരുമാറ്റമാ......" (അല്ലെങ്കിലും ഈ മൂത്ത മക്കളൊക്കെ നല്ലവരാ, ഇളയവര്‍ക്ക് അഹങ്കാരമൊക്കെ കുറെ കൂടുതലു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.)
ഇന്ദ്രജിത്തിനെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ അമ്മ നിര്‍ത്താന്‍ പ്രയാസമാ. അവരുടെ കോളേജില്‍ എന്തോ ആഘോഷത്തിനു വന്നു പ്രസംഗിച്ചു, പാട്ടൊക്കെ പാടി പോയതിനു ശേഷം അമ്മ ഫ്ലാറ്റ്!!! (അല്ല, ഷോപ്പിംഗ്‌ കോംപ്ലക്സ് തന്നെ!!!)
ഇങ്ങനെയൊരു ഒളിച്ചുകളിയുടെ ആവശ്യമെന്താണെന്നു മനസ്സിലാകുന്നില്ല. പൃഥ്വിരാജ് കല്യാണം കഴിക്കുന്നു എന്നറിഞ്ഞ് കൂട്ട ആത്മഹത്യ ചെയ്യാനോ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണിനെ തട്ടിക്കൊണ്ടു പോകാനോ മാത്രം ഭ്രാന്തൊന്നും ഇവിടെ ആര്‍ക്കും ഇല്ല. പിന്നെ രാജുവിന്റെ ഏട്ടത്തിയമ്മ (എനിക്കൊരുപാട് ഇഷ്ട്ടമുള്ള നടി കൂടിയായ) പൂര്‍ണ്ണിമ മീഡിയയോടു പറഞ്ഞ കാരണം "മീഡിയ പബ്ലിസിറ്റി ഇഷ്ട്ടപ്പെടുന്നില്ല" എന്നതാണ്. ശരി, സമ്മതിച്ചു. പക്ഷെ അതിനു ഇങ്ങനെ കുറെ നുണകള്‍ പറഞ്ഞു ഫലിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നോ? WHAT THE HELL DOES HE THINK OF HIMSELF???....................
വേണ്ട, സഭ്യമായ ഭാഷ മാത്രമേ ഞാന്‍ ഈ ബ്ലോഗില്‍ ഉപയോഗിക്കുള്ളൂ. എന്തായാലും, പൃഥ്വിരാജ് മനസ്സ് തുറക്കുന്നതും കാത്ത് കഴിഞ്ഞ ലക്കം വനിതയ്ക്കായി കാത്തിരുന്ന മലയാളികള്‍ മണ്ടന്മാര്‍! തമിഴ് വില്ലനെപ്പോലെ ചെക്കന്‍ നാട്ടുകാരെ കബളിപ്പിച്ച്‌ പെണ്ണിനേം കൊണ്ടുപോയി! എന്തൊക്കെ പറഞ്ഞാലും ഇതൊരുമാതിരി "മറ്റേടത്തെ പണിയായിപ്പോയി"!!!
ഇങ്ങനെയൊക്കെയാണെങ്കില്‍ക്കൂടി, മോനേ രാജുക്കുട്ടാ... ഞങ്ങള്‍ ക്ഷമിച്ചു, സഹിച്ചു (അല്ലാതെ ഇനി എന്തോന്ന് ഓലത്താനാ...)

കണ്ണാമൂച്ചി യേനെടാ???
പൃഥ്വിരാജ് സുകുമാരനും പത്നി സുപ്രിയ മേനോനും എല്ലാ വിധ മംഗളാശംസകളും നേര്‍ന്നുകൊള്ളുന്നു.
ഒപ്പം, ഇന്നലെ ((നാട്ടുകാരുടെ മുഴുവന്‍ അനുഗ്രഹത്തോടു കൂടി)) വിവാഹിതരായ വില്യംസ്  രാജകുമാരനും കേറ്റ് മിഡില്‍ട്ടന്നിനും നല്ലതു മാത്രം വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.
ഇത്രയും നേരം സഹിച്ചിരുന്നത്തിനു നന്ദി. നിര്‍ത്തുന്നു :)


Thursday, 14 April 2011

വിഷുക്കണി

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.
ഇത്രയും നാള്‍ എന്റെ അനിയത്തി "വോട്ടവകാശമില്ലാത്ത ഇന്ത്യന്‍ പൌര" എന്നു വിളിച്ച് എന്നെ അധിക്ഷേപിക്കാറുണ്ടായിരുന്നു (അവള്‍ക്കും വോട്ടവകാശമില്ല എന്നോര്‍മ്മിപ്പിക്കുമ്പോള്‍ അവള്‍ക്കു പ്രായപൂര്‍ത്തിയായില്ല, എന്നാല്‍ എനിക്ക് ഇരുപതു വയസ്സ് കഴിഞ്ഞു എന്നവള്‍ ഭീഷണിപ്പെടുത്തും). എന്നാല്‍ ആ കളിയാക്കളിനൊരു അറുതി വരുത്തിക്കൊണ്ട്  ഇന്നലെ ഉച്ചയ്ക്ക്  ഒന്നരയ്ക്കും ഒന്നേമുക്കാലിനും മദ്ധ്യേ ഉള്ള ശു
ഭ മുഹൂര്‍ത്തത്തില്‍ അത് സംഭവിച്ചു! ഞാന്‍ എന്റെ കന്നി വോട്ട് കുത്തി! ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഞാന്‍ പിന്താങ്ങുന്നില്ല. ഏറ്റവും നല്ല നേതാവിന് വോട്ട് ചെയ്യും. അതുകൊണ്ട് തന്നെ ആരെ തിരഞ്ഞെടുക്കണം എന്ന് ചെറിയൊരു സംശയം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ കോഴിക്കോട്ടു നിന്ന് ജയിച്ച, നാടിനു വേണ്ടി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള പ്രദീപ്‌ കുമാറിനോ , കോഴിക്കോടിന്റെ സ്വന്തം വ്യവസായ പ്രമുഖന്‍, KTC , PVS, Grihalakshmi Films, മാതൃഭൂമി എന്നിവയുടെ ആളായ PV ഗംഗാധരനോ, അതോ ഞങ്ങളുടെ അടുത്ത വീട്ടുകാരനും അച്ഛന്റെ സുഹൃത്തും കൂടിയായ രഘുനാഥിനോ വോട്ട് ചെയ്യണ്ടേ എന്നൊരു കണ്‍ഫ്യൂഷന്‍. ഏതായാലും രണ്ടും കല്‍പ്പിച്ച്‌ അങ്ങ് കുത്തി.
വിഷു പ്രമാണിച്ച് ഇന്ന് ഞങ്ങള്‍ നാലുപേര്‍ കൂടി സിറ്റിയില്‍ കറങ്ങാന്‍ പോയി. ആ പോക്കില്‍ ഒരു സിനിമയും കണ്ടു. അങ്ങനെ ഉറുമി കാണണം എന്ന എന്റെ ഭയങ്കരമായ ആഗ്രഹം സാക്ഷാല്‍ക്കരിക്കപ്പെട്ടു! ഈ സിനിമ കണ്ടവരില്‍ പലരും പല അഭിപ്രായമാണ് അറിയിച്ചത്. ചിലര്‍ പറഞ്ഞു സിനിമ ഉഗ്രന്‍ (പക്ഷെ ഒന്നും മനസ്സിലാകുന്നില്ല) എന്ന്; ചിലരുടെ അഭിപ്രായം 'പോരാ' എന്നായിരുന്നു; മറ്റു ചിലരാകട്ടെ, തരക്കേടില്ല എന്നും. സിനിമ കണ്ടിട്ട് എന്റെ അഭിപ്രായം ഇതാണ്:
ഉഗ്രന്‍ സിനിമാറ്റോഗ്രഫി. ഒന്നാം തരം മ്യൂസിക്‌ (പാട്ട് മാത്രമല്ല, ബാക്ക്ഗ്രൌണ്ട്  മ്യൂസിക്കും സൌണ്ട് ഇഫക്റ്റ്സും ഒക്കെ നന്നായിട്ടുണ്ട്). നല്ല സംവിധാനം. വളരെ പ്രൊഫഷണല്‍, ഇന്റര്‍നാഷണല്‍ ടച്ച്‌ ഉള്ള വര്‍ക്ക്‌. പക്ഷെ, മാര്‍ക്കറ്റിങ്ങിനു വേണ്ടിയായിരിക്കും, വിദ്യ ബാലന്റെ ഡാന്‍സ് സഹിതം ഒരു പാട്ടും, സിനിമയുടെ അവസാനം പൃഥ്വിരാജിനെ ഫോക്കസ് ചെയ്ത് ഫാന്‍സിനെ സന്തോഷിപ്പിക്കാനുള്ള ഒരു ശ്രമവും, പിന്നെ ജനീലിയയുടെ കുറച്ച് ഓവര്‍ അഭിനയവും; ഇവ മാത്രമേ അല്പമെങ്കിലും കുറ്റം പറയാനുള്ളൂ. എങ്കിലും ഓവറോള്‍ നോക്കിയാല്‍ തകര്‍പ്പന്‍ പടം.
ഈ പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍, ഒരുപാടു നാളായി കോണ്‍ടാക്റ്റ്‌  ഇല്ലാതിരുന്ന അശ്വതി എന്ന ഒരു പഴയ സുഹൃത്തിനെ കണ്ടു. അതു മാത്രമല്ല, PC Thomas sirന്റെ IH of St.Mary's Hostelല്‍ എന്റെ സീനിയറും, എനിക്കൊരുപാട് ഇഷ്ടമുള്ള (എന്നാല്‍ ശത്രുക്കളെ പോലെ കുറെ നാള്‍ പെരുമാറിയിരുന്ന... അതൊരു നോവല്‍ എഴുതാനുള്ള വകയുണ്ട്) അനീറ്റച്ചേച്ചിയുടെ റൂംമേറ്റും, അച്ഛന്റെ (അന്തരിച്ച) സുഹൃത്തിന്റെ മകളും കൂടിയായ സേതുലക്ഷ്മി ചേച്ചിയെയും ആ തീയറ്ററിന്റെ ടിക്കറ്റ്‌ ക്യൂവില്‍ കണ്ടു. അതേ പടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് മലയാളത്തിന്റെ വാനമ്പാടി KS ചിത്രയുടെ മകള്‍ നന്ദനയെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ അറിഞ്ഞത്. ഈ വേര്‍പാടില്‍ ഓരോ മലയാളിയും ദുഖിക്കുന്നു; ഇതു താങ്ങാനുള്ള ബലം ചിത്രയുടെ കുടുംബത്തിനു നല്‍കേണമേ എന്നു പ്രാര്‍ത്ഥിക്കുന്നു.
ഏതായാലും ഞാന്‍ ഇപ്പോള്‍ വിട വാങ്ങുന്നു. നാളെ പുലര്‍ച്ചെ കണി കാണാനുള്ളതല്ലേ. അതിനു വേണ്ടി തയ്യാറെടുക്കട്ടെ (ഉറങ്ങട്ടെ എന്നാണുദ്ദേശിച്ചത്).
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയുമിത്തിരി കൊന്നപ്പൂവും...