Somebody once told me
To Write Well,This is what I know......
Write What You Know.
Wednesday, 11 May 2011
Monday, 9 May 2011
വാസ്കോ ഡ ഗാമ: മിഥ്യയും സത്യവും
ഉറുമി എന്ന പടം കണ്ട് ടാക്കീസിനു പുറത്തിറങ്ങിയ മിക്കവാറും പേരുടെയും മനസ്സില്‍ പല സംശയങ്ങളും നുര പൊങ്ങിയിട്ടുണ്ടാകണം. ഈ സിനിമയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ സത്യമാണോ? വാസ്കോ ഡ ഗാമ ദുഷ്ട്ടനായിരുന്നോ? അയാള്‍ കൊല്ലപ്പെട്ടതാണോ?
കുറച്ചു റിസര്‍ച്ചിനു ശേഷം അനുമാനിച്ച കാര്യങ്ങള്‍ ഇവിടെ കൊടുക്കാം എന്നു കരുതി. ഈ പോസ്റ്റില്‍ വാസ്കോയും ഭാരതവും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചു മാത്രമേയുള്ളൂ (അതുതന്നെയുണ്ട് അത്യാവശ്യത്തിന്). ഭാരതം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരന്മാരില്‍ ഒരാളായിരുന്നു ഗാമ. 1497ല്‍ പോര്‍ച്ചുഗലിലെ ലിസ്ബനില്‍ നിന്ന്, വിശുദ്ധ ഗബ്രിയേല്‍, വിശുദ്ധ റാഫേല്‍, ബെരിയോ (പിന്നീട് വിശുദ്ധ മിഗുവേല്‍) എന്നീ പേരുകളുള്ള മൂന്നു കപ്പലുകള്‍ പിന്നെ പേര് അറിയപ്പെടാത്ത, ആഫ്രിക്കന്‍ തീരപ്രദേശങ്ങളില്‍ വച്ച് കാണാതായ, മറ്റൊരു ചരക്കു കപ്പല്‍ എന്നീ നാലു കപ്പലുകളില്‍ ഏകദേശം 170 സഹായികളുടെ അകമ്പടിയോടെ യാത്ര പുറപ്പെട്ടു. പോര്‍ച്ചുഗല്‍ രാജാവ് ജോണ്‍ രണ്ടാമന്റെ നിര്‍ദേശപ്രകാരം തെക്കന്‍ ഏഷ്യയിലേക്കുള്ള പുതിയ കടല്‍മാര്‍ഗ്ഗം കണ്ടുപിടിക്കാനായിരുന്നു ഈ യാത്ര. യാത്രക്കിടെ അറുപതോളം പേരെയും ഒരു ചരക്കു കപ്പലും നഷ്ട്ടപ്പെട്ടു. ഇടയ്ക്ക് അറബികളുടെ ആക്രമണവും നേരിടേണ്ടി വന്നു. എങ്കിലും അവരുടെ ലക്ഷ്യം പൂര്‍ത്തിയായി. കൊല്ലത്ത് പന്തലായനി എന്ന സ്ഥലത്താണ് ഗാമയും സംഘവും ആദ്യം എത്തിയത്. കോഴിക്കോട്ടു കച്ചവട ആവശ്യങ്ങള്‍ക്കായി എത്തിയ പോര്‍ച്ചുഗീസ് വ്യാപാരികള്‍ സാമൂതിരി രാജാവിനെ ആദ്യമേ അറിയിച്ചിരുന്നു ജോണ്‍ രണ്ടാമന്റെ പ്രതിനിധിയായി പുതിയ കച്ചവട ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഒരാള്‍ വരുന്നുണ്ടെന്ന്. ഗാമ എത്തിയ വിവരം അറിഞ്ഞ സാമൂതിരി ദൂതനെ വിട്ട് ഗാമയെ കോഴിക്കോട്ടേക്ക് കടല്‍ മാര്‍ഗ്ഗം എത്തിച്ചു. അങ്ങനെയാണ് വാസ്കോ ഡ ഗാമ കപ്പല്‍പ്പാടം (ഇപ്പോള്‍ കാപ്പാട്) എന്ന ഗ്രാമത്തില്‍ കാലു കുത്തുന്നത്. സാമൂതിരിയുടെ സഭയിലേക്ക് കര മാര്‍ഗ്ഗം പോകുന്ന വഴിയില്‍ പുത്തൂര്‍ ദേവി ക്ഷേത്രം കണ്ട് ഗാമ അമ്പരന്നു. എന്താണ് അതെന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ ദൂതന്‍ ശ്രമിച്ചെങ്കിലും വിശുദ്ധ കന്യാമറിയത്തിന്റെ പ്രതിഷ്ഠയാണെന്ന് തെറ്റിദ്ധരിച്ച് ഗാമ അകത്തു കയറി വണങ്ങി. പിന്നീട് അമളി മനസ്സിലാക്കിയ ഗാമ ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചു. അമ്പലത്തിലെ സാലഭഞ്ചികകളുടെ കൈ വെട്ടിമാറ്റിയപ്പോഴേക്കും നാട്ടുകാര്‍ കൂടി ലഹളയാക്കി (ആ വികലാംഗരായ സാലഭഞ്ചികരക്തസാക്ഷികളെ ഇപ്പോഴും പുത്തൂര്‍ ക്ഷേത്രത്തില്‍ കാണാം). അവിടുന്നു ഭാഗ്യത്തിന് രക്ഷപ്പെട്ട ഇയാള്‍ സാമൂതിരിയുടെ സഭയില്‍ എത്തി. വല്ലാതെ അധികാരത്തോടെയും അഹങ്കാരത്തോടെയും ഭീഷണി കലര്‍ന്ന സ്വരത്തിലുമുള്ള അയാളുടെ സംസാരം സാമൂതിരി തമ്പുരാന് തീരെ പിടിച്ചില്ല. കോഴിക്കോട്ടു കച്ചവടം ചെയ്യാന്‍ പോർച്ചുഗീസുകാര്‍ക്കു മാത്രമേ അധികാരം പാടുള്ളൂ എന്നും, വര്‍ഷങ്ങളായി കോഴിക്കോടുമായി നല്ല കച്ചവട ബന്ധം പുലര്‍ത്തുന്ന അറബി വ്യാപാരികളെ ഇനി മുതല്‍ സമ്മതിക്കാന്‍ പാടില്ല എന്നും പറഞ്ഞ് അയാള്‍ മുന്നോട്ടു വച്ച കരാര്‍ ഒപ്പിടാന്‍ രാജാവ് തയ്യാറില്ല. രാജാവിനെ യുദ്ധത്തിനു വെല്ലു വിളിച്ച് ഗാമ തിരിച്ചു പുറപ്പെട്ടു. എങ്കില്‍ കൂടി സല്ക്കാരപ്രിയരായ കോഴിക്കോട്ടുകാര്‍ അയാളെ നല്ലപോലെ സ്വീകരിക്കുകയും സാമൂതിരി രാജാവ് നേരിട്ട് വന്നു യാത്രയാക്കുകയും ചെയ്തു. സാമൂതിരിയുടെ പട ഇവരെ കപ്പലില്‍ യാത്രയാക്കി പിന്‍വാങ്ങിയ ഉടനടി വാസ്കോയും സംഘവും തിരിച്ചു വന്ന് തീരപ്രദേശത്തുള്ള മുക്കുവരെ പ്രത്യേകിച്ച് മുസ്ലീങ്ങളെ (ചരിത്രം പരിശോധിച്ചാല്‍ അറിയാം അന്നൊക്കെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ അത്ര രസത്തിലല്ലായിരുന്നു......ഇപ്പോഴോ???) ആക്രമിച്ചു കൊല്ലാന്‍ ആരംഭിച്ചു. ഇതറിഞ്ഞ രാജാവിന്റെ കപ്പല്‍പ്പട ഗാമയെയും സംഘത്തെയും തുരത്തിയോടിച്ചു. ഇതറിഞ്ഞ കോലത്തിരി രാജാവ് തന്റെ ജന്മ ശത്രുവായ സാമൂതിരിയെ ഒതുക്കാനായി ഗാമയെ ഉപയോഗിക്കാമെന്ന് കരുതി. ലക്ഷദ്വീപിനടുത്ത് എത്തിയ ആ സംഘത്തെ കണ്ണൂരേക്ക് ക്ഷണിച്ചു. ഇതറിഞ്ഞ കൊച്ചി രാജാവ് കൂടുതല്‍ നല്ല വാഗ്ദാനങ്ങള്‍ നല്‍കി ഗാമയെ കൊച്ചിയില്‍ എത്തിച്ചു. കൊച്ചിയില്‍ നിന്ന് നാട്ടിലേക്ക് പോയ വാസ്കോയെ ധീര യോദ്ധാവിനെ പോലെയാണ് വരവേറ്റത്. കൊച്ചിയില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ക്ക് ഏകദേശം 67 ഇരട്ടി ലാഭമാണ് ഗാമയ്ക്ക് സ്വന്തം നാട്ടില്‍ ലഭിച്ചത്. പോര്‍ച്ചുഗീസ് രാജാവ് ഇന്ത്യയെ കീഴടക്കാന്‍ നീക്കങ്ങളും അതോടെ തുടങ്ങി.
രണ്ടാമത് വാസ്കോ വന്നത് മാനുവല്‍ രണ്ടാമന്‍ രാജാവിന്റെ കല്പന പ്രകാരമാണ്. രണ്ടാമത്തെ വരവിലും ഗാമ കുറെ ലാഭം കൊയ്തു കൊണ്ട് പോയി. മൂന്നാമത്തെ തവണ ഇങ്ങോട്ട് പുറപ്പെട്ടപ്പോള്‍ തന്നെ ഗാമയുടെ ആരോഗ്യ സ്ഥിതി അത്ര നല്ല നിലയിലായിരുന്നില്ല. കൊച്ചിയില്‍ എത്തിയിട്ട് ഏതാനും ആഴ്ചകള്‍ക്കകം എന്തോ പനി (മലേറിയ ആയിരുന്നു എന്ന് സംശയിക്കുന്നു) പിടിപെട്ടു മരണമടഞ്ഞു. രണ്ടാമത്തെ തവണ വന്നപ്പോള്‍ തന്നെ കൊച്ചിയില്‍ പോര്‍ച്ചുഗലിന്റെ വിശുദ്ധന്‍ ഫ്രാന്‍സിസ് പുണ്യവാളന്റെ നാമത്തില്‍ ഒരു പള്ളി പണി കഴിപ്പിക്കണം എന്ന് കൊച്ചി രാജാവിനോട് വാസ്കോ പറഞ്ഞിരുന്നു. അതേ പള്ളിയിലാണ് വസ്കോയുടെ ഭൌതിക ശരീരം അടക്കം ചെയ്തത്. പിന്നീട്, വാസ്കോ ഡ ഗാമ എന്ന മഹാനെ വേണ്ട വിധം ആദരിച്ചില്ല എന്ന പോര്‍ച്ചുഗല്‍ രാജാവിന്റെ പരാതി മാനിച്ച് അത് കൊച്ചിയില്‍ നിന്ന് പോര്‍ച്ചുഗലിലെ ലിസ്ബനിലേക്ക് തിരികെ കൊണ്ടുപോയി സ്വര്‍ണവും രത്നങ്ങളും കൊണ്ട് അലങ്കരിച്ച പെട്ടിയില്‍ മറവു ചെയ്തു...
വാസ്കോ ഡ ഗാമയെ കുറിച്ച് ഏറ്റവും അധികം വിമര്‍ശനം ഉണ്ടായത് ഒരു തീര്‍ഥാടക യാത്രക്കപ്പല്‍ കൊള്ളയടിച്ച സംഭവത്തിനാണ്. ഗാമയുടെ രണ്ടാം വരവിലാണ് ഈ സംഭവം. കണ്ണൂരിലെ മാടായി എന്ന സ്ഥലത്തു നിന്നു പുറപ്പെട്ട് മക്കയിലേക്ക് പോകുകയായിരുന്ന നാന്നൂറോളംപേരടങ്ങുന്ന യാത്രാക്കപ്പല്‍ പിടിച്ചടക്കി കൊള്ളയടിച്ച് കപ്പലിനു തീയിട്ടു! തങ്ങളുടെ എല്ലാ സ്വത്തും തരാമെന്നു പറഞ്ഞിട്ട് പോലും ഒരു ദയാ ദക്ഷീണ്യവുമില്ലാതെ കൊന്നൊടുക്കി. കപ്പലില്‍ ഉണ്ടായിരുന്ന അമ്പതോളം സ്ത്രീകളെ പോലും വെറുതെ വിട്ടില്ല. സാമൂതിരി തമ്പുരാന്റെ ദൂതുമായി പോയ തലപ്പന നമ്പൂതിരിയെ ചാരനെന്ന് മുദ്ര കുത്തി മൂക്കും ചെവിയും അറുത്തു മാറ്റി ചെവിയുടെ സ്ഥാനത്ത് ഒരു നായയുടെ ചെവി തുന്നിച്ചേര്‍ത്തു തിരിച്ചയച്ചു. ഭാരതീയരെ മതം മാറ്റാനുള്ള അനുമതി പോപ്പിന്റെ സമക്ഷത്തു നിന്നു വാങ്ങി പലരെയും നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി. മാറാന്‍ വിസമ്മതിച്ചവരുടെ മൂക്കും ചെവിയും അറുത്തു വികൃതരാക്കി. പല ക്ഷേത്രങ്ങളും പള്ളികളും കൊള്ളയടിച്ചു തകര്‍ത്തു. പല സ്ത്രീകളെയും കോട്ടയ്ക്കുള്ളില്‍ ബന്ധനസ്തരാക്കി അവരില്‍ ഉണ്ടാകുന്ന സന്താനങ്ങളെ പോര്‍ച്ചുഗീസ് സംസ്കാരമനുസരിച്ചു വളര്‍ത്തി പടയാളികാളാക്കി (ഇതെല്ലാം വാസ്കോ ഒറ്റയ്ക്ക് ചെയ്തു എന്നല്ല, പക്ഷെ അങ്ങേരാണ് Trend Setter).
ഉറുമിയില്‍ കാണിച്ചിട്ടുള്ള എല്ലാം അതേപടി സത്യമല്ലെങ്കിലും കുറേയൊക്കെ സത്യം തന്നെ. വസ്കോയുടെ നേരെ പല ആക്രമണങ്ങളും ഉണ്ടായിരുന്നു. ചിലതൊക്കെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതും.
ഇതു വായിച്ചപ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടാവും "ഇത്ര വലിയ ദുഷ്ടനെയാണോ ഈശ്വരാ... ഇത്രയും നാള്‍ കേമനെന്ന് വാഴ്ത്തിയത്?"
കാലം അങ്ങനെയാണ്. ചിലപ്പോള്‍ ദുഷ്ടന്മാര്‍ മഹാന്മാരായി അറിയപ്പെട്ടേക്കാം (ഉദാഹരണം വാസ്കോ ഡ ഗാമ). അല്ലെങ്കില്‍ ചിലപ്പോള്‍ നല്ലവരായ മനുഷ്യര്‍ ചരിത്രത്തിന്റെ താളുകളില്‍ ആരും ശ്രദ്ധിക്കാതെ മാഞ്ഞു പോകും. ഒരു പക്ഷെ കേളു നായനാരും ചങ്ങാതിയും അതുപോലെ മങ്ങിയ പേരുകളായിരിക്കാം.............
Disclaimer: ഈ പറഞ്ഞ കാര്യങ്ങള്‍ വെറും ഊഹാപോഹങ്ങളല്ല. പിന്നെ, ഒരു മത വിശ്വാസികളെയും വേദനിപ്പിക്കണമെന്നോ ചെറുതാക്കണമെന്നോ ഉദ്ദേശിച്ചിട്ടില്ല. ഇതു ചരിത്രമാണ്. എല്ലാത്തിനും തെളിവുകളുമുണ്ട്. ഇനി ഏതെങ്കിലും വിധത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും issues ഉണ്ടെങ്കില്‍ ക്ഷമിക്കൂ...
Subscribe to:
Posts (Atom)