PadmaSree Dr. Resul Pookkutty |
സത്യത്തില്‍, ആദ്യമൊക്കെ ഞങ്ങള്‍ക്ക് ചെറിയൊരു, പേടിയല്ല, എന്നാലും ഇത്തിരി ഉത്കണ്ഠയൊക്കെ ഉണ്ടായിരുന്നു. ഒസ്കാറൊക്കെ കിട്ടിയ, ഭയങ്കര തിരക്കൊക്കെയുള്ള വലിയ പുള്ളി! അതു പോരാത്തതിന്, ആള് നല്ല കൃത്യനിഷ്ഠയുള്ള, അച്ചടക്കമുള്ള, ജോലിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണെന്നൊക്കെ കേട്ടിട്ടുണ്ട്. ഇനിയിപ്പോള്‍ ഞങ്ങള്‍ക്ക് ഇന്റര്‍വ്യൂ തരുമോ? എങ്ങനെ ചോദിച്ചു തുടങ്ങും? ഏതെങ്കിലും ചോദ്യങ്ങള്‍ അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ടില്ലെന്നു വരുമോ? ചൂടാവുമോ? ഇത്രയും പ്രശസ്തനായ ഒരു മനുഷ്യന്‍ മുന്നില്‍ ഇരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ നാക്ക് പൊങ്ങുമോ? അങ്ങനെ നൂറു കൂട്ടം സംശയങ്ങള്‍ മനസ്സില്‍ നൃത്തം ചവിട്ടുന്നുണ്ടായിരുന്നു......
ബോഡിഗാര്‍ഡ് വന്നു "ഇന്റര്‍വ്യൂക്കാരെ വിളിക്കുന്നു" എന്ന് പറഞ്ഞപ്പോള്‍, രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ കോളേജിലെ GUEST ROOMലേക്ക് ആദ്യമായി കാലു കടത്തി. അതിനുള്ളിലെ ലോ-ക്ലാസ്സ് സോഫയുടെ മേലെ, ആര്‍മണി സ്യൂട്ടും, മുന്തിയ ഇനം ലെതര്‍ ഷൂവും, ആന്‍ഡ്രോയിട് ഫോണുമൊക്കെയായി (അതൊക്കെ തന്നെയാണോ എന്നറിയില്ല...എന്നാലും,കിടക്കട്ടെ...ഒരു വെയിറ്റിന്...) ഇരിക്കുന്നുണ്ടായിരുന്നു നമ്മുടെ കഥാപുരുഷന്‍. മാഗസിന്‍ കമ്മിറ്റിക്കാര്‍ 7-8പേരുണ്ടായിരുന്നെങ്കിലും ആര്‍ക്കും ഒന്നും മിണ്ടാന്‍ കഴിയാതെ പൊട്ടന്മാരെപ്പോലെ ഇങ്ങനെ ബ്ലിങ്കസ്സ്യ നോക്കി നില്‍ക്കുവായിരുന്നു!
പൂക്കുട്ടി (ക്ഷമ കെട്ട്, എന്നാല്‍ ചിരിച്ചുകൊണ്ടു തന്നെ) പറഞ്ഞു, "എന്താ ചോദിക്കേണ്ടത്? ചോദിച്ചോളൂ". ഓരോരുത്തരും കയ്യില്‍ കരുതിവെച്ചിരുന്ന, ചോദ്യങ്ങള്‍ പ്രിന്റ് ചെയ്ത പേപ്പര്‍ മെല്ലെ നിവര്‍ത്താന്‍ തുടങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, "പേപ്പര്‍ ഒക്കെ അവിടെത്തന്നെ ഇരിക്കട്ടെ, നിങ്ങള്‍ ചോദിച്ചോളൂ..."
ആദ്യം തന്നെ ചോദിച്ചു
"സാറിന് ഈ കോളേജും ഇവിടുത്തെ പിള്ളേരെയുമൊക്കെ ഇഷ്ടമായോ?"
"കുന്നിന്‍പുറത്തുള്ള എല്ലാ സ്കൂളുകളും കോളേജൂകളും എനിക്കിഷ്ടമാണ്. നിങ്ങടെ കോളേജും കുന്നിന്‍പുറത്തല്ലേ... അതുകൊണ്ട് എനിക്കുഷ്ട്ടമായി."
(ഓരോ തവണയും കോളേജില്‍ എത്താന്‍ ആ വൃത്തികെട്ട കുന്നു കയറുമ്പോഴും ഞാന്‍ അതിനെ ശപിക്കാറുണ്ട്. ഇപ്പോള്‍ അതേ കുന്നു കാരണം പൂക്കുട്ടി ഞങ്ങടെ കോളേജ് ഇഷ്ടപ്പെട്ടു...എന്താ കഥ...)
പിന്നെയും കുറെ ചോദ്യങ്ങള്‍ ചോദിച്ചു, നല്ല നല്ല ഉത്തരങ്ങളും കിട്ടി. എന്തൊരു നല്ല മനുഷ്യന്‍... വലിയ പുള്ളിയാണെന്ന വിചാരമൊന്നുമില്ല. വളരെ സരളവും ലളിതവും വിനയമുള്ളതുമായ സംസാരം. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായി.
അപ്പോഴേക്കും, കയ്യില്‍ നിറയെ DVDകളും, ഓരോ ചെവിയിലും ഓരോ ബ്ലൂടൂത്ത് ഇയര്‍ബട്സും, പോക്കറ്റില്‍ മൂന്നു നാലു ഫോണുമായി ഒരാള്‍ കടന്നുവന്ന് "Sir, it's time to leave" എന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം "Wait, just two more questions" എന്നു പറഞ്ഞു അയാളെ തിരിച്ചയച്ചു. എന്നിട്ടു ചെറിയ കുട്ടികളെപ്പോലെ ഞങ്ങളോട് പറഞ്ഞു "വേഗം ചോദിച്ചോളൂ" (ഇല്ലെങ്കില്‍ അയാള്‍ ഇനിയും വരും)
"സാറിന്റെ അടുത്ത പ്രോജെക്റ്റ് ഏതാണ്?" (പേഴ്സണല്‍ ലൈഫിനെ കുറിച്ചും അടുത്ത പ്രൊജെക്ടിനെ കുറിച്ചുമൊന്നും ചോദിക്കരുത് എന്ന് അദ്ദേഹം ഇങ്ങോട്ടു വരുന്നതിനു മുന്നേ തന്നെ പറഞ്ഞിരുന്നു പോലും; പക്ഷെ അതു ഞങ്ങള്‍ അറിഞ്ഞിരുന്നില്ല)
എന്തായാലും, ഭാഗ്യം കൊണ്ട് തെറിയൊന്നും കിട്ടിയില്ല, അദ്ദേഹം ഏതോ ഒരു പ്രോജെക്ടിനെ കുറിച്ച് പറഞ്ഞു.
അപ്പോള്‍ ഒരുത്തന്‍ പറഞ്ഞു "ഞങ്ങള്‍ ആ പ്രോജെക്റ്റിനു വേണ്ടി കാത്തിരിക്കുകയാണ്"
"ദാ... ഇതാണ് ഇന്ത്യക്കാരുടെ പ്രശ്നം. പല സിനിമകളെക്കുറിച്ചും അമിതമായി പ്രതീക്ഷിക്കും. എന്നിട്ട് സിനിമ പ്രതീക്ഷകള്‍ക്കൊത്ത് വിജയിച്ചില്ലെങ്കില്‍ "അയ്യേ...ഇതെന്തു പണിയാ ഇയാള്‍ കാണിച്ചേ? ഈ സിനിമ തീരെ കൊള്ളില്ല" എന്ന് പറഞ്ഞു ഇറങ്ങിപ്പോരും. ഒന്നും നാം അമിതമായി പ്രതീക്ഷിക്കരുത്. എന്നാലേ ഓരോ സിനിമയുടെ പിന്നിലും ഉള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാകൂ..."
അതോടെ അവന്‍ സൈലന്റ് ആയി.
അടുത്തയാള്‍ ചോദിച്ചു "സാറിന്റെ ഡ്രീം പ്രൊജക്റ്റ് ഏതാണ്?"
"ഒരു ടെക്നീഷ്യന്‍ എന്ന നിലയ്ക്ക്, എന്നെ സംബന്ധിച്ചിടത്തോളം, എന്റെ കയ്യില്‍ വരുന്ന ഓരോ പ്രോജെക്റ്റും ഓരോ ഡ്രീം പ്രോജെക്റ്റ്സാണ്. അതിനെ അങ്ങനെ അപ്പ്രോച് ചെയ്താലേ നമ്മുടെ കഴിവിന്റെ പരമാവധി അതിലേക്കു കൊടുക്കാന്‍ കഴിയൂ..." പിന്നെയും എന്തൊക്കെയോ പറഞ്ഞു. കുറെ ഉപദേശങ്ങളും തന്നു. കൃത്യമായി ഓര്‍മയില്ല. എന്തായാലും കോളേജ് മാഗസിനില്‍ ഇന്റര്‍വ്യൂ പബ്ലിഷ് ചെയ്തു വരുമ്പോള്‍ എല്ലാം വിശദമായി ഈ ബ്ലോഗിലും പബ്ലിഷ് ചെയ്യാം... ഫോട്ടോ സഹിതം.
ഫോട്ടോയുടെ കാര്യം പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓര്‍മ്മ വന്നത്...
ഇന്റര്‍വ്യൂ കഴിഞ്ഞു പിരിയുമ്പോള്‍ പൂക്കുട്ടി ഞങ്ങള്‍ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം shake hand ചെയ്തു. അതിനു ശേഷം, ഈ ഇന്റര്‍വ്യൂ നടന്നു എന്നതിന്റെ തെളിവായി ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ പൂക്കുട്ടി അദ്ദേഹത്തിന്റെ മൊട്ടത്തലയന്‍ കൊമ്പന്‍ മീശക്കാരന്‍ ബോഡിഗാര്‍ഡിനെ കൊണ്ട്, ഞങ്ങടെ ക്യാമറയില്‍ ഫോട്ടോ എടുപ്പിച്ചു. (ആ മൊട്ടത്തലയും കൊമ്പന്‍ മീശയും ഞങ്ങടെ കോളേജിലെ പല തരുണീമണികളുടെയും മനം കവര്‍ന്നു എന്നൊരു അഭ്യൂഹം നിലനില്‍ക്കുന്നു)
ആദ്യം തന്നെ എല്ലാ ആണ്‍പിള്ളേരും ഇടിച്ചു കയറി പൂക്കുട്ടി സാറിന്റെ അടുത്തു നിന്നു. ഞങ്ങള്‍ മൂന്നു പെണ്‍പിള്ളേര്‍ പാവങ്ങള്‍ ഏറ്റവും അറ്റത്തായി. പക്ഷെ ഭാഗ്യം കൊണ്ട് ആ ഫോട്ടോ ക്ലിയര്‍ ആയില്ല. അടുത്ത ഫോട്ടോ എടുക്കാന്‍ കൊമ്പന്‍മീശ മൊട്ടത്തലയന്‍ ചേട്ടന്‍ (ചേട്ടനല്ല, അപ്പാപ്പനാണ്, പക്ഷെ അങ്ങേരുടെ മൊട്ടത്തലയുടെയും കൊമ്പന്‍മീശയുടെയും ഫാന്‍സ് ആരെങ്കിലും ഇതു കണ്ടാല്‍ എന്നെ തല്ലിക്കൊല്ലും, അതുകൊണ്ട് ചേട്ടന്‍ എന്നു തന്നെ സംബോധന ചെയ്തുകൊള്ളുന്നു)... എന്താ പറഞ്ഞു വന്നത്???.... ആ ചേട്ടന്‍ അടുത്ത ഫോട്ടോ എടുക്കാന്‍ ഒരുങ്ങുമ്പോഴേക്കും ഞാന്‍ പൂക്കുട്ടി സാറിനോട് ചോദിച്ചു "സാര്‍, ഞാന്‍ ദാ... അവിടെ... സാറിന്റെ അടുത്തു നില്‍ക്കട്ടേ..."
നാണം കെട്ട പരിപാടിയാണ്, എന്നാലും റസൂല്‍ പൂക്കുട്ടിയുടെ അടുത്തു നില്‍ക്കുന്ന ഒരു ഫോട്ടോ കിട്ടാന്‍ വേണ്ടി ഞാന്‍ ആ നാണക്കേട് അങ്ങ് സഹിച്ചു!
അത് കേട്ടപ്പോള്‍ എല്ലാവരും ചിരിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു "Ladies always have first preference... വരൂ, ഇവിടെ എന്റെ അടുത്തു തന്നെ വന്നു നിന്നോളൂ..." എന്നിട്ട് മറ്റു രണ്ടു പെണ്‍കുട്ടികളോട് "നിങ്ങളും വേണമെങ്കില്‍ വന്നു നിന്നോളൂ..." അതു കേള്‍ക്കേണ്ട താമസം മൂന്നു പേരും അങ്ങോട്ടു ചാടി...LOL
ആ ഫോട്ടോ ക്ലിയര്‍ ആവുകയും ചെയ്തു. അല്ലെങ്കിലും നിര്‍ത്തേണ്ട സ്ഥലത്ത് നിര്‍ത്തേണ്ടവരെ നിര്‍ത്തിയില്ലെങ്കില്‍ ഫോട്ടോ ക്ലിയര്‍ ആകില്ല... ഫോട്ടോ എടുത്തു കഴിഞ്ഞപാടെ സാര്‍ എന്റെ നേരെ തിരിഞ്ഞു ചോദിച്ചു "Now Happy?"
"Yes Sir, VERY VERY HAPPY!!!" ഞാന്‍ പറഞ്ഞു. എന്നിട്ട് അദ്ദേഹം എനിക്ക് സ്പെഷ്യല്‍ ആയി ഒരു ഷേക്ക് ഹാന്‍ഡ് കൂടി തന്നു!
പൂക്കുട്ടിയെ തൊട്ടടുത്തു കണ്ടതിന്റെയും സംസാരിച്ചതിന്റെയും സര്‍വ്വോപരി, കോളേജിലെ വിദ്യാര്‍ഥികളുടെ റെസ്ട്രിക്റ്റിഡ് ഏരിയയായ Guest Roomല്‍ കടന്നു കൂടാന്‍ കഴിഞ്ഞതിന്റെയും ചാരിതാര്‍ത്ഥ്യത്തില്‍ ആ മുറിയില്‍ നിന്നിറങ്ങുമ്പോഴും ഇറങ്ങിയതിനു ശേഷം കുറെ നെരത്തേക്കും എന്റെ കയ്യിലെ രോമങ്ങള്‍ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു (I mean രോഞ്ചാമം, സോറി, രോമാഞ്ചം............)!!!