Somebody once told me
To Write Well,
Write What You Know.
This is what I know......

Saturday, 31 July 2010

ഈ കവിതയ്ക്ക് അവകാശികളാരെങ്കിലും ഉണ്ടോ???

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു, നാല് വര്‍ഷമായി എന്റെ കയ്യില്‍ ഇരിക്കുന്ന ഒരു കവിതയെക്കുറിച്ച്. ആ കവിതയ്ക്ക് പേരില്ല, അതെഴുതിയത് ആരാണെന്ന് ഒരു പിടിത്തവും ഇല്ല, എഴുതിയിരിക്കുന്നത് മംഗ്ലീഷിലാണു  താനും. ഏതായാലും അതിന്റെ അവകാശി കവയിത്രിയാണ്, കവിയല്ല. മാത്രമല്ല, ഈ കവയിത്രി 2005-2006 കാലഘട്ടത്തില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശനത്തിനായി റിപീറ്റ് ചെയ്യുകയായിരുന്നു. കാരണം, എനിക്കീ കവിത കിട്ടിയത്  തൃശൂരില്‍  ഇളന്തുരുത്തിയിലെ പ്രശസ്തമായ ഒരു എന്ട്രന്‍സ് കോച്ചിംഗ്  സെന്റെറില്‍ നിന്നാണ്. പത്താം ക്ലാസ്  കഴിഞ്ഞവര്‍ക്കായി  അവിടെ നല്കിയിരുന്ന, ഒരു മാസം കാലയലവുള്ള ഒരു കോഴ്സ്  അറ്റന്‍ഡ്  ചെയ്യാന്‍ ഞാന്‍ പോയിരുന്നു. ആ കോച്ചിംഗ് സെന്ററിനോട്  അനുബന്ധിച്ചുള്ള ഹോസ്റ്റലില്‍ ആയിരുന്നു താമസം. ഞങ്ങളുടെ ബാച്ചിലുള്ളവര്‍ രണ്ടാം നിലയിലും, റെഗുലര്‍ ബാച്ചുകാര്‍ താഴത്തെനിലയിലും, ഗള്‍ഫ്‌ ബാച്ചുകാര്‍ ഒന്നാം നിലയിലെ ഒരു കോണിലും, പിന്നെ റിപീട്ടെഴ്സ്  എല്ലാ നിലയിലും ചിതറിയപോലെയും ആയിരുന്നുഹോസ്റ്റലില്‍ താമസം.  ആ വര്‍ഷത്തെ എന്ട്രന്‍സ്  പരീക്ഷ അടുക്കാറായപ്പോഴേക്കും(അതായിത് ഏപ്രില്‍ 2006) ഒരുമാതിരി എല്ലാ റിപീട്ടെഴ്സും ഹോസ്റ്റല്‍ വെക്കേറ്റു ചെയ്തു. ന്യൂനപക്ഷം മാത്രം ഉണ്ടായിരുന്ന ഞങ്ങളെ, വാര്‍ടന്മാര്‍, മേയ്ക്കാന്‍ സൌകര്യാര്‍ത്ഥം പഠന സമയത്ത്  ഒന്നാംനിലയിലേക്ക് ചേക്കേറാന്‍ ഓ൪ഡറായി. അങ്ങനെ ഒന്നാം നിലയില്‍ പഠിക്കാന്‍ (എന്ന വ്യാജേന) ഇരുന്നപ്പോഴാണ് നിലത്തു ചുരുട്ടിക്കൂട്ടി ഇട്ടിരുന്നഒരു പേപ്പര്‍ ഞങ്ങളുടെ ഗാങ്ങിന്റെ കണ്ണില്‍ പെട്ടത്. അതില്‍ മനോഹരമായ ഒരു കവിത. ഒന്നാം നിലയില്‍ താമസിച്ചിരുന്നത്  ഗള്‍ഫ്‌ ബാച്ചും റിപീട്ടെഴ്സ്  ബാച്ചും മാത്രമായിരുന്നു. അതില്‍ ഗള്‍ഫ്‌ ബാച്ചിലെ ഒരുമാതിരി എല്ലാ ചേച്ചിമാര്‍ക്കും മലയാളം 'കൊരച്ചു കൊരച്ചു' മാത്രമേ സംസാരിക്കാന്‍ തന്നെ പറ്റുകയുള്ളു. അവര്‍ എന്തായാലും ഇത്ര സുന്ദരമായി എഴുതില്ല. അപ്പോള്‍ പിന്നെ റിപീട്ടെഴ്സ്  ബാച്ചിലുള്ള ആരോ തന്നെ ആയിരിക്കും. പക്ഷെ ഏതു ടേബിളിന്റെ അടിയില്‍ നിന്നാണോ ആ കവിത കിട്ടിയത്, ആ ടേബിളിലും അതിന്റെ ചുറ്റുവട്ടത്തുള്ള ടേബിലുകളിലും സാധാരണ ഇരിക്കാറുള്ള ചേച്ചിമാരെല്ലാം വെക്കെയ്ററു   ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തില്‍ അറിഞ്ഞു. തൃശ്ശൂരില്‍ ഹോസ്റ്റലില്‍ താമസിച്ച് എന്ട്രന്‍സ് കോച്ചിങ്ങിന് പഠിച്ചവര്‍ക്കേ  ഈ കവിത അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. ഈ കവിത രചിച്ച ചേച്ചിക്ക് അത്തവണ എന്ട്രന്‍സ്  കിട്ടിയോ എന്നറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്. ആ ചേച്ചി ഒരു ഡോക്ടറോ എന്ജിനിയറോ ആയില്ലെങ്കില്‍ക്കൂടി  ഒരു നല്ലഎഴുത്തുകാരിയാകും.‍‍‍

OMRന്റെ കള്ളികളില്‍ പേന കൊണ്ട് കളമെഴുതുമ്പോള്‍
തലച്ചോറില്‍ പറക്കുന്നതൊരായിരം പൊന്നീച്ചകള്‍;
Negative marksഉം  cut-offഉം
OMR ഏറ്റും പൊല്ലാപ്പുകള്‍.
എന്റെ കൃഷ്ണാ... ഈ പോക്ക് എങ്ങോട്ടാണ്?
പഴങ്കഞ്ഞിയും, പഴയ ദോശയും,
ഉപ്പില്ലാക്കറിയും, പുളയുന്ന അച്ചാറും,
രാവിലെയുമുച്ചയ്ക്കും  വൈകീട്ടുമുണ്ണാ൯
വിഭവസമൃദ്ധമായ പരീക്ഷാസദ്യയും!
അമ്മ പറഞ്ഞു, "ഇതു നിന്റെ ലൈഫ് ആണ്"
അച്ഛന്റെ കീശയില്‍ രൂപാ മൂവ്വായിരത്തിന്റെ ചെക്കും;
അതെന്റെ പേടിസ്വപ്നങ്ങളില്‍,
വിടര്‍ത്തിയാടുന്ന മൂ൪ഖന്റെ ഫണം പോലെ,
വിടാതെ...വിടാതെ... പിന്തുടരുന്നു...
മുന്നില്‍ തുറന്നു വച്ച Dinesh ഉം
Entrance Oriented Chemistry ഉം
എന്നെനോക്കി കൊഞ്ഞനം കുത്തുന്നു!
ണ്‍പോളകളെ സ്നേഹിക്കുന്ന നിദ്രാദേവി‍‍ ‍ ‍‍ ‍
തല deskനിട്ടു പ്രഹരിച്ചപ്പോള്‍
ത്രിശങ്കുസ്വര്‍ഗ്ഗം വിട്ടു ഞാന്‍ ഭൂമിയിലേക്കിറങ്ങി.
താഴെ വീണുടഞ്ഞ കണ്ണടച്ചില്ലകള്‍...
മുന്നില്‍, മുനകൂ൪ത്ത നോട്ടവുമായി duty Warden;
ഉറക്കം തൂങ്ങിയ സമയം അറിയിക്കാനെന്നപോലെ
നാഴികമണിയുടെ ചിലമ്പല്‍...
‍ ‍
 മനസ്സിന്റെ videoscreenല്‍ ഒരു flashback പോലെ
ണ്‍പതു കഴിഞ്ഞ അപ്പൂപ്പന്റെ
കണ്ണടയില്ലാത്ത കണ്ണുകള്‍.
ഉള്ളില്‍ വീശിയടിക്കും കൊടുങ്കാറ്റ്...
North-East Monsoon ആണോ? Trade Wind ആണോ?
 ഒരു നിമിഷം ഞാന്‍ ശങ്കിച്ചു നിന്നു.
ഒടുവില്‍, Exit അടിച്ചപ്പോള്‍,
വരണ്ടുണങ്ങിയ കണ്ണുകള്‍ പൊഴിച്ച South-West Monsoon
ആരും കാണാതെ ഞാന്‍ തുടച്ചുകളഞ്ഞു...............................!!!!!!

Thursday, 29 July 2010

Still Wavin' Flag......

Wavin' Flagഇന്നലെയോ മറ്റോ മൊബൈലില്‍ വന്ന ഒരു മെസ്സേജ്  ആണ് ഇവിടെ എഴുതുന്നത്‌. എന്താണെന്ന് അറിയില്ല, എനിക്കത് ഒരുപാട് ഇഷ്ടപ്പെട്ടു.


Official Song- Exams 2010
Oo OOo oOooo Oo OOo...
Oo OOo oOooo Oo OOo...

Give Me Wisdom
Give Me Power
Give Me Reason
Lets Score Higher

See The Rascals
Scoring Eighties
Petrify Us
Make Us Feel Sad

During Exams
Heads Are Dipping
Every Loser
Tryin' n Peeping

Humiliation
Is Around Us
Scoring 40
Its Stupendous

Feeling Forever Dump..
Where Shall I Copy From???
Lets Weep In The Three Hours Stay
Together at The End Of Day

We All Sing

When exams Over
I Will Be Stronger
We Call It Fredom
Just Like A Wavin' Flag
I Don't Want It Back
I Don't Want It Back
I Don't Want It Back...

Oo OOo oOooo Oo OOo...
Oo OOo oOooo Oo OOo...

ആദ്യം വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. പിന്നെ ആലോചിച്ചപ്പോള്‍, ഒരു വികൃതിയായിട്ടാണെങ്കിലും ആ പാരടി ഉണ്ടാക്കിയ ആളോട് എനിക്ക് മതിപ്പ് തോന്നിപ്പോയി. എന്ത് അസ്സലായിട്ടാണ് അയാള്‍ അത്  മെനഞ്ഞുണ്ടാക്കിയത്... അയാള്‍ നല്ലൊരു കലാകാരന്‍ തന്നെ എന്ന് സമ്മതിക്കാതെ വയ്യ.
ഇതൊക്കെ പറഞ്ഞപ്പോഴാ ഓര്‍ത്തത്‌. എന്റെ കയ്യില്‍ ഒരു കവിത ഇരിക്കുന്നുണ്ട്‌. അത് എഴുതിയത് ഞാനല്ല. ആരാണ് എഴുതിയത് എന്ന് എനിക്കൊരു പിടിത്തവും ഇല്ല. അത് എന്റെ കയ്യില്‍ എത്തിപ്പെട്ടിട്ട്  നാല് വര്‍ഷത്തിനു മീതെ ആയിക്കാണും.  ആ കവിത അടുത്ത പോസ്റ്റില്‍ ഞാന്‍ ഉള്‍ക്കൊള്ളിക്കാം.
അതിനു അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്നെ അറിയിക്കുകയുമാകം.......

Monday, 26 July 2010

ഒരു നാള്‍ വരും

അമ്മയോടൊപ്പം ജോലി ചെയ്യുന്ന രണ്ടു ചേച്ചിമാരുണ്ട്‌. അതിലൊരാള്‍ അമ്മയുടെ പൂര്‍വ വിദ്യാര്ഥിയുമാണ്‌. ആ ചേച്ചിയുടെ ബാച്ച് എന്നെസംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യേകതയുള്ള ഒരു ബാച്ചാണ്. കാരണം അവര്‍ ഡിഗ്രി ഫൈനല്‍ ഇയറിനു പഠിക്കുമ്പോള്‍ ടൂറുപോയപ്പോള്‍ അമ്മയ്ക്കായിരുന്നു അവരുടെ ചാര്‍ജ്. അമ്മയോടൊപ്പം (അന്ന് ആറാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന) ഞാനുംപോയിരുന്നു. DGP ശ്രീ ജേക്കബ്‌ പുന്നൂസിന്റെ സഹധര്‍മ്മിണി , റെബേക എന്ന റീബു  ആന്റിയായിരുന്നു കൂടെയുള്ള മറ്റൊരു ടീച്ചിംഗ്  സ്റ്റാഫ്‌. മദ്രാസിലേക്കുള്ള ആ യാത്ര ഒരിക്കലും മറക്കാനാകില്ല. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നല്ല ചില ദിവസങ്ങളായിരുന്നു ആ ബാചിനോടോത്തുള്ള യാത്ര. സ്മാര്‍ട്ട്‌ & ബബ്ബ്ലിംഗ്  ആയിട്ടുള്ള സൂര്യച്ചേച്ചി, പേടിയുടെ ആശാത്തി നിഷിചേച്ചി, രാധികചേച്ചി, പെന്ഗ്വിനെപ്പോലെനടക്കുന്ന ഫര്ഹാനചേച്ചി, ഒരു ബനിയന്‍ കാരണം ചര്ച്ചാവിഷയമായ ജാന്സിചേച്ചി, സിജിച്ചേച്ചി, ടീനചേച്ചി, സ്മിതചേച്ചി...പിന്നെ പേര്ഓര്മയില്ലാത്ത പലരും............ ഇത്രയും അടിപൊളി, ഇത്രയും ജോളി, ഇത്രയും ഒതുരുംയുള്ള മറ്റൊരു ബാച്ച്  എന്റെ ജീവിതത്തില്‍ ഇതുവരെകണ്ടിട്ടില്ല. അതുകൊണ്ടുതന്നെ എനിക്കവരോട് ആദരവായിരുന്നു. ആ സ്നേഹബന്ധം ഇപ്പോഴും ഞാന്‍ കാത്തുസൂക്ഷിക്കുന്നുമുണ്ട്. ‍ ‍
ഇപ്പൊ അമ്മയുടെ കൂടെ ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞ ചേച്ചിമാര്‍ പക്ഷെ ഇപ്പോള്‍ അമ്മയുടെ കൂടെയല്ല, മുംബൈലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച അവര്‍ നാട്ടിലെത്തി. ഞങ്ങളെല്ലാവരും കൂടെ ഇടയ്ക്കിടയ്ക്ക് സിനിമയ്ക്കു പോകാറുണ്ട്. അതുപോലെ ഇത്തവണയും പോകാമെന്ന്തീരുമാനമായി. അങ്ങനെ ഒരു നാള്‍ വരും എന്ന സിനിമ കാണാന്‍ വണ്ടി ഞങ്ങള്‍ (2 ചേച്ചിമാര്‍, അമ്മ, അനിയത്തി, ഞാന്‍) മിഠായിത്തെരുവിലുള്ളരാധാ തീയറ്ററില്‍ പോയി. നോക്കിയപ്പോള്‍ നീണ്ട ക്യൂ. ബാല്കണി ടികറ്റൊന്നും കാണാന്‍ പോലും കിട്ടുന്നില്ല. അപ്പോള്പിന്നെ കാണുന്നതിനുമുന് ഞങ്ങള്‍ വിധിയെഴുതി: നല്ല സിനിമ തന്നെ.
ഇന്റെര്വല്ലു വരെ സിനിമ തകര്പ്പനായിരുന്നു. മോഹന്ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ മായാജാല പ്രകടനങ്ങളായിരുന്നു. നല്ല കോമഡിഡയലോഗുകള്‍, ഗംഭീര അഭിനയം, നാം ചുറ്റിലും കാണുന്ന സാമൂഹിക പ്രശ്നങ്ങളുടെ ചലച്ചിത്രാവിഷ്കാരം. പക്ഷെ... ഇന്റെര്വെല്ലിനു ശേഷം മടുത്തുപോയി. അനാവശ്യമായി നീട്ടിവലിച്ചതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. പരമ ബോറായിരുന്നു. ക്ലൈമാക്സ്‌ പോക്കാണെങ്കില്‍ അതുവരെഗംഭീരമായിരുന്നിട്ടും വല്ല്യ കാര്യമൊന്നും ഇല്ല. ഇതിപ്പോള്‍ 'അമ്പലം വലുതാണ്‌, പക്ഷെ പ്രതിഷ്ഠ ഇല്ല' എന്നുള്ള അവസ്ഥയാണ്. എനീട്ടുപോയാലോഎന്നുവരെ ആലോചിച്ചു. പക്ഷെ അപ്പോഴേക്കും എന്റെ ഒരു സുഹൃത്തും, സഹോദര തുല്യനും, എന്ജിനിയര്‍ കൂടി ആയ ഒരു ഏട്ടന്‍ മെസ്സേജ് ചെയ്തു. ആള് മലര്വാടി ആര് ക്ലബ്‌ കണ്ടു ഇറങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. പിന്നെ കുറെ നേരത്തേക്ക് ഞന്‍ മലര്വാടി ആര് ക്ലബ്ബിന്റെ കഥമൊബൈലില്‍ മെസ്സേജ് ആയി വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.  ഏതായാലും മലര്വാടിയെക്കുറിച്ചു ഏകദേശം ഊഹം കിട്ടി. അപ്പോള്‍ പിന്നെസിറ്റിയില്‍ മറ്റുള്ള തീയറ്റരിലൊക്കെ ഏതൊക്കെ പദമാണ് ഓടുന്നതെന്ന് ആലോചനയായി. ക്രൌണ്‍ തീയറ്ററില്‍ ബോള്ളിവുടിന്റെ താര റാണിആഞ്ജലീന ജോളിയുടെ SALT  ഇറങ്ങിയിട്ടുണ്ട്. എനിക്കിപ്പോള്‍ സ്ടടി ലീവായതിനാല്‍ ഇഷ്ടംപോലെ സമയവും ഉണ്ട്. അപ്പോള്‍ ഇനി അടുത്തദിവസം SALT  കാണാന്‍ പോകാമെന്ന് മനസ്സിലുറപ്പിച്ചു.
എന്നാലും, ഇങ്ങനെയൊരു തട്ടുപൊളിപ്പന്‍ പടത്തിനു ബാല്കണി ടിക്കറ്റുപോലും കിട്ടാനില്ല എന്ന് പറഞ്ഞാല്‍... എല്ലാ സിനിമകളുടെയും അവസ്ഥഇതുപോലെ ആയതോണ്ട്  'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന് കരുതി ജനങ്ങള്‍ കാണാന്‍ വന്നതായിരിക്കാം.
ഈ കോഴിക്കോടുകാരൊക്കെ നല്ല സ്നേഹമുള്ളവരാണ്. സാധാരണ ഗതിയില്‍ ഒരു ഷോ കഴിഞ്ഞു ഇറങ്ങുന്നവര്‍ അടുത്ത ഷോ ടിക്കറ്റിനു ക്യൂ  നില്ക്കുന്നവര്  സിനിമയെ കുറിച്ച് ഒരു ധാരണ നല്കാറുണ്ട്, രക്ഷപ്പെടുന്നവര്‍ രക്ഷപ്പെട്ടോട്ടെ എന്ന് കരുതി. എന്നാല്‍ ഇന്ന്  അങ്ങനെയൊന്നും സംഭവിച്ചില്ലല്ലോ. അല്ല, ആദ്യത്തെ ഷോ കണ്ടു ഇറങ്ങുന്നവരെ കാണാന്‍ പോലും ഞങ്ങള് സാധിച്ചില്ല. സെക്യൂരിട്ടിഅവരെയെല്ലാം മറ്റൊരു വഴിയിലെക്കൂടെയാണ് പുറത്തേക്കു കടത്തിയത്. ഇപ്പോഴാണ് അതിന്റെ ഗുട്ടന് പിടികിട്ടിയത്. ഹും... ഈ തീയറ്ററുകാര്മഹാ സൂത്രശാലികള്‍ തന്നെ.   
പെട്ടെന്ന്  "പാടാന്‍ നിനക്കൊരു പാട്ട് തന്നെങ്കിലും..."എന്ന്  എം.ജി.സ്രീകുമാരേട്ടന്‍ പാടുന്നത് കേട്ട്. ഞാന്‍ ചിന്തയില്‍ നിന്നുണര് സ്ക്രീനിലേക്ക്നോക്കി. കുറെ പേരുകള്‍ എഴുതിക്കാണിക്കുന്നു. ആശ്വാസം... സിനിമ കഴിഞ്ഞു. അപ്പോഴേക്കും തീയട്ടരോക്കെ ഏകദേശം കാലിയായിരിക്കുന്നു. അവിടിവിടെ ചിലര്‍ വായും പൊളിച്ചു ഉറങ്ങുന്നുമുണ്ട്. അമ്മയും ഒരു ചേച്ചിയും പൂര കത്തിയടിയാണ് (സിനിമ കഴിഞ്ഞതുതന്നെ അറിഞ്ഞില്ലെന്നുതോന്നുന്നു). എന്തോ വലിയ ആപത്തു കണ്മുന്നില്‍ വന്നു പോയ ഒരു പ്രതീതിയായിരുന്നു അനിയത്തിയുടെ മുഖത്ത്. ഞങ്ങളോടൊപ്പമുള്ള ഒരു ചേച്ചിമാത്രംവളരെ എകാഗ്രതയോടുകൂടി സ്ക്രീനിലേക്ക്  നോക്കി ഇരിക്കുന്നു. എനിക്ക് ചേച്ചിയോട് സഹതാപം തോന്നി.
ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഞാന്‍ ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ (അതായിത് ഇന്റര്വെല്ലിനു മുന്; ഇന്റെര്വെല്ലിനുശേഷം ഞാന്‍ കണ്ടതേയില്ല) എന്റെ ഒരു ഫ്രണ്ട്  എനിക്കൊരു മെസ്സേജ് അയച്ചു "FLOWER THIEF " എന്ന്. പെട്ടെന്ന് ക്ലിക്ക് ചെയ്തില്ല. പിന്നെഎനിക്ക് മനസ്സിലായി അവന്‍ ഇന്നലത്തെ പോസ്റ്റ്‌ വായിച്ചു എന്ന്. ഞന്‍ സിനിമ കാണുകയാണെന്ന് തിരിച്ചു മെസ്സേജ് അയച്ചു. അപ്പോള്‍ അവന്റെമെസ്സേജ് വന്നു "ഈ സിനിമയെക്കുറിച്ച് നാളെ പോസ്റ്റ്‌ ചെയ്തോളൂ" എന്ന്. അതുകൊണ്ട്, എന്റെ ആ സുഹൃത്തിനു ഞാന്‍ ഈ പോസ്റ്റ്‌  ഡെഡിക്കേറ്റ്  ചെയ്തുകൊള്ളുന്നു............

Sunday, 25 July 2010

അന്ത പൂ മാതിരി താന്‍ അവളോട സിരി......

Smiley Face T-Shirt #300 (Men's Black)വളരെയധികം പ്രത്യേകതകളുള്ള ഒരു ഭാവപ്രകടനമാണ് ചിരി. അത്  മിക്കപ്പോഴും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാകം; ചിലപ്പോള്‍ കള്ളത്തരത്തിന്റെയും ചമ്മലിന്റെയും. ഒരു ചിരിയില്‍ ഒരായിരം വാക്കുകള്‍ അടങ്ങിയിരിക്കുന്നു. വെറുമൊരു ചിരി ചിലപ്പോള്‍ ഒരുപാട്  ആശ്വാസം നല്‍കുന്നു (എന്നുവച്ച്  അസ്ഥാനത് കയറി ചിരിച്ചിട്ട് വായിലുള്ള പല്ലിന്റെ എണ്ണം കുറഞ്ഞാല്‍ ഞാന്‍ ഉത്തരവാദിയല്ല എന്നറിയിച്ചുകൊള്ളട്ടെ). ഉള്ളുതുറന്നു ചിരിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. എങ്കിലും നമുക്ക് ചുറ്റുമുള്ള പലരും ചിരിക്കാന്‍ പിശുക്ക് കാട്ടുന്നവരാണ്.
പലതരം ചിരികളുണ്ട് : പുഞ്ചിരി, പൊട്ടിച്ചിരി, വളിഞ്ഞ ചിരി, കള്ളച്ചിരി......  അതില്‍ ഒരു അസ്സല്‍ കള്ളച്ചിരിയുടെ ഉടമയാണ് ഈയുള്ളവള്‍. ആ ചിരി പലപ്പോഴും എനിക്കൊരു പാരയായി ഭവിചിട്ടുണ്ട്. ഞാന്‍ എത്ര സത്യസന്ധമായി ഒരു കാര്യം ചെയ്താലും, ചിലപ്പോഴൊന്നും ആരും എന്നെ വിശ്വസിക്കില്ല, എന്റെ മുഖത്തൊരു കള്ള ലക്ഷണം ഉണ്ടെന്നു പറഞ്ഞിട്ട്. അപ്പോള്‍ ഞാന്‍ പറയും, "ആ കള്ളച്ചിരി എന്റെ കുഴപ്പമല്ല, Manufacturing Defect ആണ് ".ഒരിക്കല്‍ നിളയെ 'അടുത്തറിയാന്‍' വേണ്ടി പെര്‍മിഷന്‍ കിട്ടാന്‍ ഞങ്ങള്‍ ആറുപേര്‍ ഹോസ്റ്റല്‍ വാര്‍ഡനെ  സമീപിച്ചു. വെള്ളത്തില്‍ ഇറങ്ങരുതെന്ന കണ്ടീഷനോടെ സിസ്റര്‍ സമ്മതം മൂളി. നന്ദിസൂച്ചകമായി "ശരി സിസ്റര്‍" എന്ന് പറഞ്ഞു ഞാന്‍ അറിയാതൊന്നു ചിരിച്ചുപോയി. അപ്പോള്‍ സിസ്റര്‍ മറ്റു അഞ്ചു പേരോട് പറയുകയാ "നിങ്ങളെയൊക്കെ എനിക്ക് വിശ്വാസമാണ്, അനഘയെയാണ് എനിക്ക് പേടി. ആ കള്ളച്ചിരി കണ്ടില്ലേ".
അതൊക്കെ ആണെങ്കിലും ആ ചിരി കാണാന്‍ നല്ല ഭംഗിയാണെന്ന്  ഒരുപാടുപേര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയുന്ന ദിവസങ്ങളൊക്കെ അര മണിക്കൂറോളം ഞാന്‍ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് പല വിധത്തില്‍ ചിരിച്ചു പല ആംഗിളിലും നോക്കും. പക്ഷെ എനിക്ക് എന്റെ എല്ലാ ചിരിയും മഹാ പരമ ബോര്‍ ആയിട്ടാണ് തോന്നാറ്. ഒരിക്കല്‍ "Which is the feature in me that you like the best?"  എന്ന് ഞാന്‍ 25  കൂട്ടുകാര്‍ക്ക് മെസ്സേജ്  ചെയ്തു. അത്ഭുതമെന്നു പറയട്ടെ, അതില്‍ 22 പേരും പ്രദിപാദിച്ചത് എന്റെ ചിരിയെക്കുറിച്ചായിരുന്നു!(മറ്റു മൂന്നു പേര്‍ എന്റെ തൊലിക്കട്ടിയെക്കുറിച്ചും lol)
 
എന്റെ ചിരി പോലുള്ള പൂക്കള്‍
എന്റെ ചിരി പോലുള്ള പൂക്കള്‍
   
 ഈയടുത്ത് എനിക്കൊരുപാട് സന്തോഷമുണ്ടാക്കിയ ഒരു സംഭവം ഇവിടെ വിവരിക്കാം. ഞങ്ങളുടെ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആദ്യമായി വന്ന ദിവസം. ഹോസ്റ്റലില്‍ നിന്നും വോളണ്ടിയറിങ്ങിന് ഞാന്‍ ഉള്‍പ്പടെ അഞ്ചു തേര്‍ഡ് ഇയര്‍ വിദ്യാര്‍ഥികളാണ്  പോയത് (പോക്കിരി വിദ്യാര്‍ത്ഥികളെ പിടിച്ചു വോളണ്ടിയറിങ്ങിന്  ഇട്ടാല്‍ പിന്നീട് റാഗിംഗ് പ്രശ്നം വന്നാല്‍ "വോളണ്ടിയറിങ്ങിന് നിന്നിരുന്ന ചേച്ചിയാണോ/ചേട്ടനാണോ റാഗ് ചെയ്തത്? " എന്ന് ചോദിച്ചാല്‍ ആളെ കണ്ടുപിടിക്കാന്‍ എളുപ്പമാവുമല്ലോ, അതായിരിക്കും മനജ്മെന്റിന്റെ ഉദ്ദേശം; പാവം ഞങ്ങള്‍). അന്നേ ദിവസം കാലത്തു മുതല്‍ വൈകീട്ട് എല്ലാ പരിപാടിയും കഴിയുന്നത്‌ വരെ ഞങ്ങള്‍ അവിടൊക്കെത്തന്നെ ഉണ്ടായിരുന്നു. അന്ന് കാലത്തുമുതല്‍ ഞങ്ങള്‍ നോട്ടമിട്ടു വച്ചതായിരുന്നു സ്റ്റേജ്  ഡക്കറേറ്റ് ചെയ്യാന്‍ ഉപയോഗിച്ച പൂക്കള്‍. എന്ത് ഭംഗിയായിരുന്നെന്നോ അതു കാണാന്‍. പല വര്‍ണ്ണങ്ങളില്‍ അവ ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. പരിപാടിയൊക്കെ കഴിഞ്ഞ് എല്ലാവരും പോയതിനു ശേഷവും ഞങ്ങള്‍ സ്റ്റേജിനെ ചുറ്റിപ്പറ്റി നിന്ന്. അവസാനം കസേര എടുത്തുവെക്കുന്ന അണ്ണാച്ചിമാര്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് ഉറപ്പുവരുത്തിയ ഞങ്ങള്‍ ആ പൂക്കള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു. എങ്കിലും ബാക്കി നാലുപേര്‍ക്കും മടി, ചമ്മല്‍, നാണം... അവര്‍ പൂ വേണ്ടെന്നു വച്ച് തിരിച്ചു നടക്കാന്‍ തുടങ്ങി. പക്ഷെ എനിക്ക് സഹിച്ചുനില്‍ക്കാനായില്ല. ഞാന്‍ ഓടിപ്പോയി എല്ലാ നിറത്തിലുമുള്ള ഓരോ പൂവ് എടുത്തു. രണ്ടു അണ്ണന്മാര്‍ എന്നെ നോക്കിചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അവരെ നോക്കി തിരിച്ചും ചിരിച്ചു കൂട്ടുകാരുടെ അടുത്തേക്ക് ഓടി. അതിനിടയില്‍ ഒരണ്ണന്‍ മറ്റേ അണ്ണനോട്  പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. അയാള്‍ പറഞ്ഞത് ഇതിനോട് സാമ്യമുള്ള എന്തോ ഡയലോഗ് ആണ് "അന്ത പൂ മാതിരി താന്‍ അവളോട സിരി"(സോറി, ഞാന്‍ തമിഴില്‍ ഭയങ്കര വീക്ക് ആണ്. അല്ലെങ്കിലും ഡയലോഗിന്റെ വ്യാകരണത്തില്‍ എന്തിരിക്കുന്നു. അയാള്‍ ഉദ്ദേശിച്ചത് എന്തായാലും മനസ്സിലായില്ലേ,,,). അതു കേട്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി.
കൂട്ടുകാരുടെ അടുത്തേക്ക് പോയപ്പോഴേക്കും അവരിലൊരാള്‍ പറഞ്ഞു "ആഹാ, നിന്റെ മുഖം ട്യൂബ് ലയ്റ്റ് പോലെ പ്രകാശിക്കുന്നുണ്ടല്ലോ. എന്താണാവോ കാര്യം." ഞാന്‍ വീണ്ടും ചിരിച്ചു. അപ്പോഴാണ്‌ അവര്‍ എന്റെ കൈയ്യിലെ പൂക്കള്‍ ശ്രദ്ധിച്ചത്. അല്ലെങ്കിലും Same Day Flower Delivery Sympathy Basket in White പൊതുവേ ഈ മലയാളികള്‍ക്കുള്ള പ്രശ്നമാണ്  എന്തെങ്കിലും തുടങ്ങാനുള്ള മടി. മറ്റാരെങ്കിലും ഒന്ന് തുടങ്ങിവച്ചാല്‍ പിന്നെ എല്ലാവരും അതേപടി ചെയ്യും. അതുതന്നെ ഇവിടെയും സംഭവിച്ചു. ഞാന്‍ പൂവെടുക്കുന്നതുവരെ എല്ലെണ്ണത്തിനും മടി,  ചമ്മല്‍, നാണം... ഇപ്പൊ ഒരു നാണവും ഇല്ലാതെ അവര്‍ ഓടിപ്പോയി ഏറ്റവും നല്ല പൂ എടുക്കാന്‍ വേണ്ടി അടികൂടുന്നു! എന്താ ചെയ്യാ...എന്റെ കൈയ്യിലുള്ള ആ പൂക്കള്‍ നോക്കുമ്പോള്‍ എന്റെ സന്തോഷം കൂടിക്കൂടി വന്നു. ഹോസ്റ്റല്‍ മുറിയില്‍ എത്തിയവശം ഒരു കുപ്പിയില്‍ വെള്ളം നിറച്ച് ആ പൂക്കളുടെ തണ്ട്  അതിനുള്ളില്‍ ഇറക്കിവച്ചു. എന്നിട്ട് അത് മേശയുടെ മേലെ വച്ച് കുറെ നേരം ഇത് തന്നെ നോക്കിക്കൊണ്ടിരുന്നു......
 

Thursday, 22 July 2010

ക്ലാസ്സില്‍ നിന്ന് ഒരു വാക്കൌട്ട്...



ക്ലാസ്സില്‍ നിന്ന് ഒരു വാക്കൌട്ട്...
ലോക സഭയില്‍ നിന്നും നിയമ സഭയില്‍ നിന്നുമൊക്കെ രാഷ്ട്രീയക്കാര്‍ വാക്കൌട്ട് നടത്താറുള്ളത്  സര്‍വസാധാരണമാണ്. അതൊക്കെ വായിക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട് ഇവര്‍ക്കൊക്കെ വട്ടാണോ, വേറെ പണിയൊന്നും ഇല്ലേ, എന്നൊക്കെ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഞാനും അവരെ സപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഗത്യന്തരമില്ലാതെ വരുമ്പോള്‍ വാക്കൌട്ട് മാത്രമേ രക്ഷയുള്ളൂ! എത്രയെന്നു വച്ചിട്ടാണ് ഒരു മനുഷ്യന്‍ സഹിക്കുക? എന്താ കാര്യം എന്നുവച്ചാല്‍ ഞങ്ങള്‍ക്ക് ക്ലാസ് എടുക്കുന്ന ഒരു മിസ്സുണ്ട്, അടിപൊളിയായി പഠിപ്പിക്കും, പക്ഷെ, മിസ്സിന്റെ പ്രിന്‍സിപിള്‍സിനോട് ഒത്തുപോകാന്‍ നല്ല ബുദ്ധിമുട്ടാണ്.
എനിക്കൊരു പ്രത്യേക കഴിവുണ്ട്, എത്രയൊക്കെ നന്നാക്കാന്‍ ശ്രമിച്ചാലും ഫസ്റ്റ്  ഇമ്പ്രഷന്‍ മഹാ മഹാ മോശമായിരിക്കും. വേണമെന്ന് വച്ചിട്ടല്ല. അങ്ങനെയൊക്കെ സംഭവിച്ചു പോകുന്നതാണ്. എങ്കിലും പിന്നീട് ആ തെറ്റിദ്ധാരണകളൊക്കെ മാറും; അതാണ്‌ അനുഭവം. എന്നാല്‍ നമ്മുടെ ഈ മിസ്സിന്റെ കാര്യത്തില്‍ അത് സംഭവിച്ചില്ല. കാരണം, ഫസ്റ്റ് ഇമ്പ്രഷന്‍ പോക്കാണെങ്കില്‍ പിന്നെ എന്തൊക്കെ ചെയ്താലും മിസ്സിന് നമ്മെക്കുറിച്ചുള്ള അഭിപ്രായം മാറാന്‍ പോകുന്നില്ല. എപ്പോഴും ആ കണ്ണിലൂടെ മാത്രമേ മിസ്സ്‌  നമ്മളെ കാണുകയുള്ളൂ. അതുകൊണ്ടുതന്നെ ഞാന്‍ എന്നും മിസ്സിന്റെ കണ്ണിലെ കരടായി നിലനിന്നു.
മൂന്നാം സെമെസ്ടറിന്റെ തുടക്കത്തില്‍ മിസ്സ്‌ ഞങ്ങളുടെ ക്ലാസ്സ്‌ ട്യുടര്‍ ആയിരുന്നു, ഒരു സബ്ജക്റ്റും എടുത്തിരുന്നു. എന്നും എന്നെയും എന്റെ ബെഞ്ചില്‍ ഇരിക്കുന്ന മറ്റു രെണ്ട്‌ പേരെയും മിസ്സ്‌ സ്ഥിരമായി പൊക്കുമായിരുന്നു. എവിടെവച്ചു കണ്ടാലും മിസ്സ്‌  ഒരുമാതിരി പുച്ചിച്ചു ചിരിക്കും. പക്ഷെ, ഞങ്ങളുടെ നിരന്തര പ്രാര്‍ഥനകിണ്ടായിരിക്കാം, മിസ്സ്‌ ഗര്‍ഭിണിയായി. വൈകാതെ മെറ്റെര്‍നിറ്റി  ലീവിനും പോയി. എന്നാല്‍ അഞ്ചാം സെമെസ്റ്ററില്‍ കഷ്ടകാലം എന്നെ വീണ്ടും പിടികൂടി. മിസ്സ്‌ തിരിച്ചുവന്നു... FULLY RELOADED !!! വന്നവശം മിസ്സ്‌ പറഞ്ഞ ഡയലോഗ്  എന്റെ കര്‍ണപുടങ്ങളില്‍ ഇപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നു "നിങ്ങളൊക്കെ മാറിയിട്ടുണ്ടാകും, എന്നാല്‍ ഞാന്‍ പഴയ ഞാന്‍ തന്നെ ആണ്; ഒട്ടും മാറിയിട്ടില്ല". വന്ന അന്നു തന്നെ മിസ്സ്‌ എന്നെ ഒന്ന് ചൊറിഞ്ഞു. മിസ്സ്‌ ക്ലാസ്സ്‌ എടുത്തു കഴിയാറായപ്പോള്‍ ഞാന്‍ തല വെറുതെ ഡസ്കിന്റെ മുകളില്‍ ഒന്ന് ചായ്ച്ചു. മിസ്സ്‌ അതു കണ്ട്  എന്നെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി.
"2 Teach is 2 Touch Lives" Teachers Coffee Mug 
Inexpensive Gift Itemമിസ്സ്‌   : തല വേദന ഉണ്ടോ?
ഞാന്‍ : നോ മിസ്സ്‌
മിസ്സ്   : ഇന്നലെ രാത്രി ഉറങ്ങാതിരുന്നോ?
ഞാന്‍ : നോ മിസ്സ്‌
മിസ്സ്‌   : എന്റെ ക്ലാസ്സ്‌ അത്രയ്ക്കും ബോറാണോ?
ഞാന്‍ : നോ മിസ്സ്‌
മിസ്സ്‌   : മുഖം കഴുകി വന്നിരുന്നോ. ഇനി ഞാന്‍ ഇങ്ങനെ കണ്ടാല്‍ പിന്നെ ക്ലാസ്സില്‍ ഇരിക്കണ്ടിവരില്ല. പിടിച്ചു പുറത്താക്കും.
ഞാന്‍ : യെസ് മിസ്സ്‌
അടുത്ത ദിവസവും മിസ്സ്‌ ക്ലാസ്സില്‍ വന്നു. ക്ലാസ്സൊക്കെ എടുത്തു കഴിഞ്ഞു. ബെല്‍ അടിക്കാന്‍ പത്ത് മിനിട്ട് ബാക്കിയുണ്ട്. മിസ്സ്‌ ഒരു ഒഴിഞ്ഞ ബെഞ്ചില്‍ വെറുതെ ഇരിക്കുകയാണ്. ഞാന്‍ വീണ്ടും വെറുതെ ഒന്ന് തല ചായ്ച്ചു. അപ്പോഴേക്കും മിസ്സ്‌ അറ്റന്റന്‍സ് എടുക്കാന്‍ തുടങ്ങി. അന്ജാമത്തെ റോള്‍ നമ്പര്‍ ആയതിനാല്‍ എനിക്ക് കിടന്നിടത്തുനിന്ന് എണീക്കാന്‍ പറ്റും മുന്‍പേ മിസ്സ്‌ എന്റെ നമ്പര്‍ വിളിച്ചു. കിടക്കുന്നത് കണ്ടു.
മിസ്സ്‌ ആക്രോശിച്ചു : GET OUT
പിന്നെ വേറെ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായിരുന്നില്ല. അനുസരണയുള്ള കുട്ടിയായി ഞാന്‍ സ്ഥലത്തുനിന്നു എഴുന്നേറ്റ് പുറത്തേക്കു നടന്നു. ആ നടത്തം അവസാനിച്ചത്‌ ഹോസ്റ്റലില്‍ എന്റെ മുറിയിലാണ്. ഇന്റെര്‍വലിനു 10 മിനിട്ട് മുന്‍പേ ഞാന്‍ ഹോസ്റ്റലില്‍ എത്തി. അവിടെ ഇരുന്നു പഠിച്ചു. ഈ നേരം ക്ലാസ്സില്‍ ഇരുന്നിരുന്നെങ്കില്‍ ആ സമയം നഷ്ടപ്പെട്ടു പോയേനെ. എങ്ങനെ നോക്കിയാലും എനിക്കു ലാഭം!
ഉച്ച ഭക്ഷണം കഴിഞ്ഞു തിരിച്ചു ക്ലാസ്സില്‍ കയറിയപ്പോള്‍ പട പൊരുതി വിജയിച്ച ധീരനായ പടയാളിയെ സ്വീകരിക്കുന്നപോലെയാണ് എല്ലാവരും എന്നെ സ്വീകരിച്ചത്. ഞാന്‍ പുറത്തു പോകുന്നത് കണ്ടു മിസ്സ്‌ വായ പൊളിച്ചു നിന്നു എന്നാണ് എനിക്കു കിട്ടിയ റിപ്പോര്‍ട്ട്‌. ആണ്‍കുട്ടികള്‍ പോലും മിസ്സിന്റെ ക്ലാസ്സില്‍ ഇങ്ങനെയൊക്കെ ചെയ്യാറില്ല. മിസ്സ്‌ കരുതിയിട്ടുണ്ടാവുക ഞാന്‍ മിസ്സിനോട് "സോറി മിസ്സ്‌, ഐ വോണ്ട്  റിപീറ്റ് ഇറ്റ്‌" എന്നൊക്കെ പറഞ്ഞു ക്ലാസ്സില്‍ത്തന്നെ ഇരിക്കും എന്നായിരിക്കും. പാവം മിസ്സ്‌. എന്തായാലും ഇനി  വീട്ടില്‍ നേരത്തെ പോകണമിങ്കില്‍, അല്ലെങ്കില്‍ ഫുട്ബോള്‍ മാച്ച് കളിക്കാന്‍ പോകണമെങ്കില്‍, അവസാനത്തെ പീരീഡ്‌ മിസ്സിന്റെ ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍ ക്ലാസ്സിലുള്ള ബോയ്സ് പുതിയ അടവ് പഠിച്ചു: ഡസ്കിന്റെ മുകളില്‍ തല ചായ്ക്കുക!
ഉള്ളിന്റെയുള്ളില്‍ എനിക്കൊരു വിഷമം... ഞാന്‍ എന്നാലും അങ്ങനെ ചെയ്യണ്ടിയിരുന്നില്ല. പക്ഷെ അപ്പോഴത്തെ ഒരു വാശിക്ക് അങ്ങ് ഇറങ്ങിപ്പോയതാണ്.
ക്ലാസ്സില്‍ കയറിവന്നപ്പോള്‍ ഞാന്‍ പറഞ്ഞു: എന്നാലും, വന്നിട്ട് രണ്ടു ദിവസം കൊണ്ട് മിസ്സ്‌ എന്നെ GET OUT അടിച്ചില്ലേ...
പിന്നില്‍നിന്നു ബോയ്സ് റപ്രസന്റെടീവ് വിളിച്ചു പറഞ്ഞു : എന്താടീ അനഘാ, നമ്മള്‍ ആണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെ പറഞ്ഞാലോ...
മിസ്സ്‌ നിന്നെ GET OUT അടിച്ചതല്ലല്ലോ, മിസ്സിനോട് പ്രതിഷേധിച്ച്‌ നീ WALK OUT നടത്തിയതല്ലേ............

Saturday, 10 July 2010

ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്

നുഷ്യന്റെ ഏറ്റവും വലിയ ശത്രു പേടിയാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട് (ചിലപ്പോള്‍ ഞാന്‍ തന്നെയായിരിക്കും). എന്തെങ്കിലുമൊരു പേടി ഇല്ലാത്ത മനുഷ്യര്‍ വളരെ വിരളം. ചിലര്‍ക്ക് പേടി പ്രേതത്തിനെചിലര്‍ക്ക് ഇരുട്ടിനെമറ്റു ചിലര്‍ക്ക് പലതരം ജന്തുക്കളെ... അങ്ങനെ പേടികള്‍ പലവിധം.

ദൈവത്തെല്ലാതെ മറ്റൊന്നിനെയും ഭയപ്പെടുന്നില്ല എന്ന് വീരവാദം പറയുന്ന ഒരു വ്യക്തിയാണ് ഈയുള്ളവള്‍. എന്നാല്‍, അധികമാരും അറിയാത്ത ഒരു പേടി എന്റെയുള്ളില്‍ ഭദ്രമായി ഞാന്‍ കൊണ്ടുനടക്കുന്നു.  അതെഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് അധ്യാപക വര്‍ഗ്ഗത്തെയാണ്‌. ഒരു നിറഞ്ഞ സദസ്സിന്റെ മുന്‍പില്‍ പെട്ടെന്നൊരു പാട്ട് പാടാനോ നൃത്തം ചെയ്യാനോ പ്രസംഗിക്കാനോ പറഞ്ഞാല്‍ മടി കൂടാതെ ഞാന്‍ ചെയ്യും. എന്തിന്സിംഹത്തിന്റെ മടയിലേക്ക് കയറിച്ചെല്ലാന്‍ പറഞ്ഞാല്‍ പോലും ഞാന്‍ ചെയ്തേക്കും. എന്നാല്‍, കുറെ ടീച്ചേ ഴ്സ് ഇരിക്കുന്ന സ്റ്റാഫ്‌ റൂമിലേക്ക്‌ കയറിച്ചെന്ന് എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ എന്റെ ഹൃദയം ഒന്നു പതറും. അധ്യാപകരും നമ്മെപ്പോലെ മനുഷ്യര്‍ തന്നെയാണെന്നും അവര്‍ നമ്മെ പിടിച്ചു തിന്നുകയൊന്നുമില്ലെന്നും പലതവണ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ നോക്കിഎങ്കിലും ഈ പേടിയുടെ കാരണം എന്താണെന്നും അതിനു പരിഹാരമെന്താണെന്നും കണ്ടുപിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. ചിലര്‍ പറഞ്ഞേക്കാം അധ്യാപകരോട് കൂടുതല്‍ ഇടപഴകിയാല്‍ ഈ പേടി മാറുമെന്ന്. പക്ഷെഅതുകൊണ്ടൊന്നും എന്റ പേടി മാറാന്‍ സാധ്യതയില്ല. കാരണം ഞാന്‍ ജനിച്ചതു തന്നെ ഒരു അധ്യാപക കുടുംബത്തിലാണ്. മാത്രമല്ലസ്കൂളില്‍ പഠിക്കുന്ന കാലത്ത് മിക്കപ്പോഴും ക്ലാസ്സ്‌ റെപ്രസെന്റെടിവ്ആയതിനാലും ക്ലുബുകളിലെയും മറ്റു എക്സ്ട്രാ കരികുലര്‍ പരിപാടികളിലെയും സജീവ പ്രവര്‍ത്തകയായിരുന്നതിനാലും എന്നെ പഠിപ്പിക്കുന്ന പല അധ്യാപകരും അമ്മയുടെയും അച്ഛന്റെയും പൂര്‍വ്വ വിദ്യാര്‍ഥികളായിരുന്നതിനാലുംദിവസവും മൂന്നുനാലു തവണയെങ്കിലും സ്റ്റാഫ്‌ റൂമിലേക്ക്‌ കയറിച്ചെല്ലാനും അധ്യാപകരോട് ഇടപഴകാനുമുള്ള നിര്‍ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. പക്ഷെ എന്റെ പേടി കൂടിക്കൂടി വന്നതേ ഉള്ളു. ഇങ്ങനെയൊക്കെയാണെങ്കിലും "പൊന്നു" എന്നു ഞാന്‍ വിളിക്കുന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ എന്റെ അധ്യാപികയായിരുന്നു! വീട്ടിലും സഹപാഠികള്‍ക്കിടയിലും ചര്‍ച്ചാവിഷയമായകൊച്ചു കൊച്ചു സന്തോഷങ്ങളും വലിയ വലിയ വിഷമങ്ങളും സമ്മാനിച്ച ആ സൗഹൃദം മറ്റൊരു കഥയാണ്...

ഇവിടെ പറഞ്ഞുവന്നത് എന്താണെന്നുവച്ചാല്‍,അധ്യാപകരോട് പെരുമാറുമ്പോള്‍ ഞാന്‍ എന്നും ഒരു അകലം സ്ഥാപിക്കാന്‍ ശ്രദ്ധിച്ചിരുന്നു. 
എന്നിരുന്നാലും ഞങ്ങളുടെ ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു ടീച്ചറെ എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമായിരുന്നു. ആ മിസ്സിനോട് ഒരിക്കലെങ്കിലും മര്യാദയ്ക്ക് ഒന്ന് സംസാരിക്കണം എന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു.

ഹോസ്റ്റലില്‍ എന്നും രാത്രി 9 മണിക്ക് ശേഷം എല്ലാ നിലയിലും ഓരോ ടീച്ചേഴ്സ് അറ്റെന്ടെന്‍സ് എടുക്കാന്‍ വരുന്ന പതിവുണ്ട്. രണ്ടാം വര്‍ഷം ബി.ടെക്കിനു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ മുറി പഴയ ബില്‍ടിങ്ങില്‍ ഒന്നാമത്തെ നിലയിലായിരുന്നു. അത്ഭുതമെന്നു പറയട്ടെഅവിടെ എന്നും രാത്രി ഒന്‍പതു മണിക്ക്  അറ്റെന്ടെന്‍സ് എടുക്കാന്‍ വന്നത് ആ ടീച്ചര്‍ ആണ്. ഒരു വര്‍ഷം മുഴുവന്‍ എന്നും കാണുമെങ്കിലും ഒരിക്കല്‍ പോലും മിസ്സിനോട് സംസാരിക്കാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ മുന്‍പേ പറഞ്ഞ ആ ഒടുക്കത്തെ പേടിയായിരിക്കാം എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചത്.
മിസ്സിന്റെയും എന്റെയും ഇടയില്‍ എന്നുമുള്ള സംഭാഷണം ഒരു ചിരിയിലും ഈ ഡയലോഗിലും അവസാനിക്കും 
      മിസ്സ്‌  : രണ്ടുപേരും പ്രസന്റ് അല്ലെ 
      ഞാന്‍ : അതെ മിസ്സ്‌
വളരെ പെട്ടെന്ന് ആ കൊല്ലം കടന്നു പോയി. പുതിയ കൊല്ലവര്‍ഷം എല്ലാവരുടെയും മുറിയും റൂം-മേറ്റിനെയും എല്ലാം മാറ്റും. അപ്പോള്‍ ഒന്നാം നിലയില്‍ നിന്നും ചിലപ്പോള്‍ രണ്ടാം നിലയില്‍, അല്ലെങ്കില്‍ പുതിയ ബില്‍ഡിങ്ങിലെ ഒന്നാം നിലയില്‍ ആയിരിക്കും മാറ്റുക. അവിടെയൊക്കെ അറ്റെന്ടെന്‍സ് എടുക്കാന്‍ വരുന്നത് വേറെ ടീച്ചേഴ്സാണ്. പിന്നൊരിക്കലും എന്റെ മിസ്സിനോട് സംസാരിക്കാന്‍ നല്ലൊരു ചാന്‍സ് കിട്ടിയെന്നു വരില്ല. (ആ മിസ്സിനെ ഞാന്‍ "എന്റെ മിസ്സ്‌" എന്നുംഎന്റെ കൂട്ടുകാര്‍ "Anuന്റെ മിസ്സ്‌" എന്നുമാണ് വിളിക്കാറ്.)

മിസ്സിനോട് മുട്ടാന്‍ എന്റെയൊരു സുഹൃത്താണ് ഈ ഐഡിയ പറഞ്ഞു തന്നത്.
മിസ്സ്‌ അറ്റെന്ടെന്‍സ് എടുക്കാന്‍ വരുമ്പോള്‍ ചോദിക്കുക "മിസ്സ്‌മിസ്സിന്റെ വീടെവിടെയാണ്?". അപ്പോള്‍ മിസ്സ്‌ പറയും "ഏറണാകുളത്താണ്എന്തേയ് ചോദിച്ചത്?" അന്നേരം പറയണം "ഒന്നൂല്യമിസ്സിനെപ്പോലെ ഒരാളെ കോഴിക്കോട്ടു വച്ച് കണ്ടു. അതാ ചോദിച്ചേ..." (മിസ്സിന്റെ വീട് എറണാകുളത്ത് എവിടെയാണെന്നൊക്കെ കൃത്യമായി എനിക്കറിയാമായിരുന്നു. എന്നാലും...)

ആ ഐഡിയ എനിക്ക് നന്നേ ബോധിച്ചു. എന്റെ മിസ്സിനോട് അത്രെയെങ്കിലും സംസാരിക്കാന്‍ കഴിയുമല്ലോ. സന്തോഷമായി ഗോപിയേട്ടാ...
മുറിയില്‍ മറ്റാരും ഇല്ലാത്ത ഒരു ദിവസം ഞാന്‍ ഈ ഐഡിയ പ്രയോഗിക്കാന്‍ തീരുമാനിച്ചു(ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ എന്നെ കളിയാക്കി ചിരിപ്പിചാലോ...).

"ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്" എന്ന് പറയുന്നത് ചുമ്മാതല്ല എന്ന് ആ ദിവസം ഞാന്‍ തിരിച്ചറിഞ്ഞു. എങ്ങനെയെന്നു പറയാം.

അന്നത്തെ ദിവസം മിസ്സ്‌ അറ്റെന്ടെന്‍സ് എടുത്തുകഴിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആ ഐഡിയ പ്രയോഗിച്ചു. സാധാരണ ഗതിയില്‍ ആ സംഭാഷണം അവിടെവച്ചു നില്‍ക്കണ്ടാതാണ്. കൂടിപ്പോയാല്‍ മിസ്സ്‌ പറയും
"എന്നെ ആയിരിക്കില്ല ഇയാള്‍ കണ്ടിട്ടുണ്ടാവുക. ഇയാള്‍ടെ വീട് കോഴിക്കോട്ടാണോ?".
എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട് മിസ്സ്‌ ചോദിച്ചു

"എന്നാണു കണ്ടത്വെക്കേഷന്റെ സമയത്താണോ?"

മിസ്സിന്റെ മുഖം അത്ഭുതം കൊണ്ട് തുടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. 
ശങ്കിച്ചുകൊണ്ട് ഞന്‍ പറഞ്ഞു

"ആണെന്ന് തോന്നുന്നു മിസ്സ്‌ഓര്‍മ്മയില്ല."

"വെക്കേഷനു 2 ആഴ്ച ഞാന്‍ അവിടെ ഉണ്ടായിരുന്നു. നിങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിലെ ഒലീന മിസ്സും ഷൈനി മിസ്സും ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിലെ ടീചേഴ്സും ഞാനും കൂടി NITല്‍ ഒരു കോഴ്സ് അറ്റന്‍ഡ് ചെയ്യാന്‍ വന്നിരുന്നു. എവിടുന്നാ കണ്ടത്?"

എന്തുത്തരം കൊടുക്കുംപിന്നെ ഞാന്‍ ആലോചിച്ചുതൃശ്ശൂരില്‍ നിന്നും NITല്‍ എത്തണമെങ്കില്‍ എന്തായാലും സിറ്റി വഴി പോകണം. ഞാന്‍ പറഞ്ഞു
"ടൌണില്‍ നിന്ന് കണ്ടതുപോലെയാണ് തോന്നിയത്"

"ടൌണില്‍ ഞങ്ങള്‍ ഒന്നുരണ്ടു തവണ പോയിരുന്നു. ടൌണില്‍ എവിടെ വച്ചാണ് കണ്ടത്?"

മിസ്സിന് എന്തായാലും കോഴിക്കോടിനെക്കുറിച്ച് അത്യാവശ്യം വിവരം ഉണ്ടെന്നു മനസ്സിലായി. ഇനി പറയാന്‍ പോകുന്ന ഉത്തരങ്ങളില്‍ വല്ല പിഴവും ഉണ്ടെങ്കില്‍ ഇതുവരെ കെട്ടിപ്പടുത്തതൊക്കെ വെള്ളത്തില്‍ വരച്ച വര പോലെ ആയിപ്പോകും. വീണ്ടും ആലോചന.
സിറ്റിയില്‍ വരുന്ന ഒരാള്‍ എന്തായാലും മിഠായിതെരിവില്‍ പോകാതിരിക്കാന്‍ ചാന്‍സ് ഇല്ല. ഒരു ഊഹാപോഹത്തില്‍ ഞാന്‍ അടിച്ചുവിട്ടു

"മിസ്സ്‌... SMStreetലെങ്ങാനും... പോയിരുന്നോ...?"

മുഴുമിപ്പിക്കുന്നതിനു മുന്‍പേ മിസ്സ്‌ ആവേശത്തോടെ പറഞ്ഞു

"ഉവ്വ്രണ്ടു തവണ പോയിരുന്നു. ഒരിക്കല്‍ ടീച്ചേഴ്സിന്റെ കൂടെപിന്നൊരിക്കല്‍ മേമ്മയുടെ കൂടെ. എപ്പോഴാ കണ്ടത്പകലാണോ രാത്രിയാണോ?"

ഞാന്‍ നിന്നു വിയര്‍ക്കാന്‍ തുടങ്ങി. എത്ര നേരമാണ് ഒരാളുടെ മുഖത്തു നോക്കി ഇങ്ങനെ കള്ളം പറയുകപിന്നെയും പിന്നെയും ആലോചന...
മറ്റുള്ള ടീച്ചേഴ്സിന്റെ കൂടെയായിരുന്നെങ്കില്‍ അവരെ ആരെയും കാണാതെ എന്റെ മിസ്സിനെ മാത്രം കണ്ടെന്നു പറയുന്നത് അത്ര വിശ്വസനീയമല്ല. മേമ്മയുടെ കൂടെയായിരുന്നെങ്കില്‍ സിറ്റുവേഷന്‍ ഓക്കെ. കോഴിക്കോട് പരിചയമില്ലാത്ത മറ്റുള്ള ടീച്ചേഴ്സിന്റെ കൂടെ എന്തായാലും രാത്രി കറങ്ങാന്‍ പോകില്ല. അപ്പൊ മേമ്മയുടെ കൂടെ രാത്രി ആയിരിക്കും പോയിട്ടുണ്ടാവുക.
പക്ഷെ അതില്‍ വേറൊരു പ്രശ്നം... മിസ്സ്‌ കരുതില്ലേ ഞാന്‍ രാത്രി മുഴുവന്‍ മിഠായിതെരിവില്‍ കറങ്ങിയടിക്കലാണ് പണിയെന്നു...ഞാന്‍ എവിടെയും തൊടാതെ പറഞ്ഞു

"സന്ധ്യ സമയത്താണോ മിസ്സ്‌ പോയത്?"

"അതെപക്ഷെ ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞപ്പോള്‍ രാത്രിയായി."

ഞാന്‍ ധൈര്യമായി പറഞ്ഞു
"ഞാന്‍ ഷോപ്പിംഗ്‌ കഴിഞ്ഞു വീടിലേക്ക്‌ മടങ്ങുമ്പോഴാണ് മിസ്സിനെ കണ്ടത്"

പിന്നെ മിസ്സ്‌ മിഠായിതെരിവിനെക്കുറിച്ച് പറയാന്‍ തുടങ്ങി. അതൊക്കെ ജനറല്‍ ടോപിക്സ് ആയതോണ്ട് ഞാനും വച്ചു കാച്ചി. കോഴിക്കോടിനെക്കുറിച്ച് മിസ്സും ഞാനും പൊക്കിപ്പൊക്കി പറയാന്‍ തുടങ്ങി. എന്റെ അന്തരംഗം അഭിമാനപൂരിതമായി! ചോര ഞരമ്പുകളില്‍ തിളച്ചു!

മിസ്സ്‌ വീണ്ടും ചോദിച്ചു

"കോഴിക്കോട് എവിടെയാ ഇയാളുടെ വീട്?"

"മലാപ്പറമ്പ് എന്ന സ്ഥലത്താണ് എന്റെ വീട്. മിസ്സിന്റെ മേമ്മയുടെ വീടെവിടെയാ?"

"എന്റെ മേമ്മയുടെ വീട് കാരന്തൂരാണ്."

"ഞങ്ങളുടെ സ്ഥലം അങ്ങോട്ട്‌ പോകുന്ന വഴിയാണ്."

"ഞാന്‍ കേട്ടിട്ടുണ്ട്... ഏതു സ്കൂളിലാണ് പഠിച്ചത്?"

" St.Joseph's AIGHSS ലാണ് ഞാന്‍ 10th വരെ പഠിച്ചത്."

"എന്റെ മേമ്മയുടെ മക്കള്‍ പഠിക്കുന്നത് Veda Vyasa Vidyalaya ത്തിലാണ്."

"മിസ്സ്‌എന്റെ അനിയത്തിയും പഠിക്കുന്നത് അതേ സ്കൂലിലാണ്! 8thല്‍. ആ സ്കൂളിന്റെ തൊട്ടടുത്താ ഞങ്ങളുടെ വീടും!"

"ആണോഎന്റെ മേമ്മയുടെ മകളും പഠിക്കുന്നത് 8thലാണ്! അനിയത്തിയുടെ പേരെന്താണ്?"

"അവള്‍ടെ പേര് അളക പി. മിസ്സിന്റെ മേമ്മയുടെ മോള്‍ടെ പേരെന്താണ്ഞാന്‍ എന്റെ അനിയത്തിയോട് ചോദിച്ചുനോക്കാം."

"എന്റെ മേമ്മയുടെ മോള്‍ടെ പേര് ഗായത്രി കെ.ആര്‍. എന്നാണ്. ഞാന്‍ അവളോടും ചോദിച്ചു നോക്കാം."

പിന്നെയും ഞങ്ങളുടെ സംസാരം നീണ്ടുപോയി. വീട്ടുകാരെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും പഠിച്ച സ്കൂള്‍, കോളേജ്എന്നിങ്ങനെ പലതിനെക്കുറിച്ചും ഞങ്ങള്‍ അന്ന് സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു മിസ്സ്‌ അറ്റെന്ടെന്‍സ് എടുത്തു കഴിഞ്ഞില്ല എന്ന്. സമയം 9 :30 ആകാറായി. ഞാന്‍ മനസ്സില്ലാമനസ്സോടെ പറഞ്ഞു
"എന്നാല്‍ ശരി മിസ്സ്‌ "
ശരിയെന്നു പറഞ്ഞു മിസ്സ്‌ മുന്‍പോട്ടു നടന്നു.സന്തോഷവും ആശ്വാസവും കൊണ്ട് എന്റെ ഹൃദയം തുള്ളിച്ചാടി! പെട്ടെന്ന് മിസ്സ്‌ തിരിച്ചുവന്നു ചോദിച്ചു
"അല്ലഎന്റെ പേരറിയില്ലേ?"

അറിയില്ലേ എന്നോനല്ല കഥ... നാഴികയ്ക്ക് നാല്‍പ്പതു വട്ടം "എന്റെ മിസ്സ്‌" എന്ന് പറഞ്ഞു നടക്കുന്ന എന്നോട് തന്നെ മിസ്സ്‌ ആ ചോദ്യം ചോദിക്കരുതായിരുന്നു. വാസ്തവത്തില്‍ "എന്റെ മിസ്സ്‌" എന്ന് പറഞ്ഞു നടന്നു മിസ്സിന്റെ ശരിയായ പേര് മറന്നു പോയോഏയ്ഇല്ല. നല്ല വ്യക്തമായി ഓര്‍മ്മയുണ്ട്.

മിസ്സിനോട് പറഞ്ഞു
"ഓ...പിന്നെ......അറിയാം. മിസ്സിന് എന്റെ പേര് അറിയുമോ?"

ആ ചോദ്യത്തിന് പ്രസക്തിയില്ല. കാരണം മിസ്സാണ് എന്നും അറ്റെന്ടെന്‍സ് എടുക്കുന്നത്. എങ്കിലും ചുമ്മാ ചോദിച്ചെന്നേ ഉള്ളൂ. മിസ്സിന്റെ മുഖത്ത് 1000W ചിരി മിന്നി. മിസ്സ്‌ പറഞ്ഞു
"ഓ...പിന്നെ......അറിയാം."

മിസ്സ്‌ ചിരിച്ചുകൊണ്ട് നടന്നു നീങ്ങി.

അന്നെനിക്ക് ലോകം കൈയ്യടക്കിയ സന്തോഷമായിരുന്നു. അറിഞ്ഞുകൊണ്ട് ഒരു കള്ളവും അതിനു മീതെ പ്രതീക്ഷിക്കാതെ ഒരമ്പത് കള്ളങ്ങളും പറയേണ്ടി വന്നെങ്കിലുംഇന്നിപ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടിയാലുള്ള സംഭാഷണം ഒരു ചിരിയിലും 
      മിസ്സ്‌   : രണ്ടുപേരും പ്രസന്റ് അല്ലെ? 
      ഞാന്‍ : അതെ മിസ്സ്‌
ഈ ഡയലോഗിലും അവസാനിക്കുന്നില്ല. ഇതാണ് പറയുന്നത് "ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്". ഈ തകര്‍പ്പന്‍ ഐഡിയ സംഭാവന ചെയ്ത എന്റെ സുഹൃത്തിനു ഒരായിരം നന്ദി...

എന്റെ മിസ്സ്‌ ഈ ബ്ലോഗ്‌ വായിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. എന്നെങ്കിലും ഈ ബ്ലോഗ്‌ മിസ്സിന്റെ മുന്നില്‍ വന്നുപെട്ടാല്‍, അല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞറിഞ്ഞാല്‍, മിസ്സിനോട് എനിക്ക് പറയാനുള്ളത്......   
പ്രിയപ്പെട്ട മിസ്സ്‌ ,
ഇന്ന് ഞാന്‍ തകര്‍ത്തത് വിശ്വാസമാണ്... മിസ്സിന് എന്റെ മേല്‍ ഉണ്ടായിരുന്ന വിശ്വാസം... പക്ഷെ ഇതു പറയാതിരുന്നാല്‍ അതിലും വലിയ വിശ്വാസ വഞ്ചനയായിപ്പോകില്ലേ ... ദയവു ചെയ്തു ഈ കാരണം കൊണ്ട് മിസ്സിന് എന്നോടുള്ള അടുപ്പം കുറയ്ക്കരുതേ... എന്നെ വെറുക്കരുതേ...
ക്ഷമ അര്‍ഹിക്കാത്ത കൊടും പാതകമാണോ ഞാന്‍ ചെയ്തത് എന്നൊന്നും എനിക്കറിയില്ല. പക്ഷെ എനിക്കുറപ്പാണ്, മിസ്സ്‌ ഇതൊക്കെ ഒരു തമാശയായി എടുത്ത് എന്നോട് ക്ഷമിക്കും എന്ന്...
കാരണം... മിസ്സ്‌  "എന്റെ മിസ്സ്‌അല്ലേ.........!!!!!!