Somebody once told me
To Write Well,
Write What You Know.
This is what I know......

Sunday, 25 July 2010

അന്ത പൂ മാതിരി താന്‍ അവളോട സിരി......

Smiley Face T-Shirt #300 (Men's Black)വളരെയധികം പ്രത്യേകതകളുള്ള ഒരു ഭാവപ്രകടനമാണ് ചിരി. അത്  മിക്കപ്പോഴും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാകം; ചിലപ്പോള്‍ കള്ളത്തരത്തിന്റെയും ചമ്മലിന്റെയും. ഒരു ചിരിയില്‍ ഒരായിരം വാക്കുകള്‍ അടങ്ങിയിരിക്കുന്നു. വെറുമൊരു ചിരി ചിലപ്പോള്‍ ഒരുപാട്  ആശ്വാസം നല്‍കുന്നു (എന്നുവച്ച്  അസ്ഥാനത് കയറി ചിരിച്ചിട്ട് വായിലുള്ള പല്ലിന്റെ എണ്ണം കുറഞ്ഞാല്‍ ഞാന്‍ ഉത്തരവാദിയല്ല എന്നറിയിച്ചുകൊള്ളട്ടെ). ഉള്ളുതുറന്നു ചിരിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. എങ്കിലും നമുക്ക് ചുറ്റുമുള്ള പലരും ചിരിക്കാന്‍ പിശുക്ക് കാട്ടുന്നവരാണ്.
പലതരം ചിരികളുണ്ട് : പുഞ്ചിരി, പൊട്ടിച്ചിരി, വളിഞ്ഞ ചിരി, കള്ളച്ചിരി......  അതില്‍ ഒരു അസ്സല്‍ കള്ളച്ചിരിയുടെ ഉടമയാണ് ഈയുള്ളവള്‍. ആ ചിരി പലപ്പോഴും എനിക്കൊരു പാരയായി ഭവിചിട്ടുണ്ട്. ഞാന്‍ എത്ര സത്യസന്ധമായി ഒരു കാര്യം ചെയ്താലും, ചിലപ്പോഴൊന്നും ആരും എന്നെ വിശ്വസിക്കില്ല, എന്റെ മുഖത്തൊരു കള്ള ലക്ഷണം ഉണ്ടെന്നു പറഞ്ഞിട്ട്. അപ്പോള്‍ ഞാന്‍ പറയും, "ആ കള്ളച്ചിരി എന്റെ കുഴപ്പമല്ല, Manufacturing Defect ആണ് ".ഒരിക്കല്‍ നിളയെ 'അടുത്തറിയാന്‍' വേണ്ടി പെര്‍മിഷന്‍ കിട്ടാന്‍ ഞങ്ങള്‍ ആറുപേര്‍ ഹോസ്റ്റല്‍ വാര്‍ഡനെ  സമീപിച്ചു. വെള്ളത്തില്‍ ഇറങ്ങരുതെന്ന കണ്ടീഷനോടെ സിസ്റര്‍ സമ്മതം മൂളി. നന്ദിസൂച്ചകമായി "ശരി സിസ്റര്‍" എന്ന് പറഞ്ഞു ഞാന്‍ അറിയാതൊന്നു ചിരിച്ചുപോയി. അപ്പോള്‍ സിസ്റര്‍ മറ്റു അഞ്ചു പേരോട് പറയുകയാ "നിങ്ങളെയൊക്കെ എനിക്ക് വിശ്വാസമാണ്, അനഘയെയാണ് എനിക്ക് പേടി. ആ കള്ളച്ചിരി കണ്ടില്ലേ".
അതൊക്കെ ആണെങ്കിലും ആ ചിരി കാണാന്‍ നല്ല ഭംഗിയാണെന്ന്  ഒരുപാടുപേര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയുന്ന ദിവസങ്ങളൊക്കെ അര മണിക്കൂറോളം ഞാന്‍ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് പല വിധത്തില്‍ ചിരിച്ചു പല ആംഗിളിലും നോക്കും. പക്ഷെ എനിക്ക് എന്റെ എല്ലാ ചിരിയും മഹാ പരമ ബോര്‍ ആയിട്ടാണ് തോന്നാറ്. ഒരിക്കല്‍ "Which is the feature in me that you like the best?"  എന്ന് ഞാന്‍ 25  കൂട്ടുകാര്‍ക്ക് മെസ്സേജ്  ചെയ്തു. അത്ഭുതമെന്നു പറയട്ടെ, അതില്‍ 22 പേരും പ്രദിപാദിച്ചത് എന്റെ ചിരിയെക്കുറിച്ചായിരുന്നു!(മറ്റു മൂന്നു പേര്‍ എന്റെ തൊലിക്കട്ടിയെക്കുറിച്ചും lol)
 
എന്റെ ചിരി പോലുള്ള പൂക്കള്‍
എന്റെ ചിരി പോലുള്ള പൂക്കള്‍
   
 ഈയടുത്ത് എനിക്കൊരുപാട് സന്തോഷമുണ്ടാക്കിയ ഒരു സംഭവം ഇവിടെ വിവരിക്കാം. ഞങ്ങളുടെ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആദ്യമായി വന്ന ദിവസം. ഹോസ്റ്റലില്‍ നിന്നും വോളണ്ടിയറിങ്ങിന് ഞാന്‍ ഉള്‍പ്പടെ അഞ്ചു തേര്‍ഡ് ഇയര്‍ വിദ്യാര്‍ഥികളാണ്  പോയത് (പോക്കിരി വിദ്യാര്‍ത്ഥികളെ പിടിച്ചു വോളണ്ടിയറിങ്ങിന്  ഇട്ടാല്‍ പിന്നീട് റാഗിംഗ് പ്രശ്നം വന്നാല്‍ "വോളണ്ടിയറിങ്ങിന് നിന്നിരുന്ന ചേച്ചിയാണോ/ചേട്ടനാണോ റാഗ് ചെയ്തത്? " എന്ന് ചോദിച്ചാല്‍ ആളെ കണ്ടുപിടിക്കാന്‍ എളുപ്പമാവുമല്ലോ, അതായിരിക്കും മനജ്മെന്റിന്റെ ഉദ്ദേശം; പാവം ഞങ്ങള്‍). അന്നേ ദിവസം കാലത്തു മുതല്‍ വൈകീട്ട് എല്ലാ പരിപാടിയും കഴിയുന്നത്‌ വരെ ഞങ്ങള്‍ അവിടൊക്കെത്തന്നെ ഉണ്ടായിരുന്നു. അന്ന് കാലത്തുമുതല്‍ ഞങ്ങള്‍ നോട്ടമിട്ടു വച്ചതായിരുന്നു സ്റ്റേജ്  ഡക്കറേറ്റ് ചെയ്യാന്‍ ഉപയോഗിച്ച പൂക്കള്‍. എന്ത് ഭംഗിയായിരുന്നെന്നോ അതു കാണാന്‍. പല വര്‍ണ്ണങ്ങളില്‍ അവ ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. പരിപാടിയൊക്കെ കഴിഞ്ഞ് എല്ലാവരും പോയതിനു ശേഷവും ഞങ്ങള്‍ സ്റ്റേജിനെ ചുറ്റിപ്പറ്റി നിന്ന്. അവസാനം കസേര എടുത്തുവെക്കുന്ന അണ്ണാച്ചിമാര്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് ഉറപ്പുവരുത്തിയ ഞങ്ങള്‍ ആ പൂക്കള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു. എങ്കിലും ബാക്കി നാലുപേര്‍ക്കും മടി, ചമ്മല്‍, നാണം... അവര്‍ പൂ വേണ്ടെന്നു വച്ച് തിരിച്ചു നടക്കാന്‍ തുടങ്ങി. പക്ഷെ എനിക്ക് സഹിച്ചുനില്‍ക്കാനായില്ല. ഞാന്‍ ഓടിപ്പോയി എല്ലാ നിറത്തിലുമുള്ള ഓരോ പൂവ് എടുത്തു. രണ്ടു അണ്ണന്മാര്‍ എന്നെ നോക്കിചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അവരെ നോക്കി തിരിച്ചും ചിരിച്ചു കൂട്ടുകാരുടെ അടുത്തേക്ക് ഓടി. അതിനിടയില്‍ ഒരണ്ണന്‍ മറ്റേ അണ്ണനോട്  പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. അയാള്‍ പറഞ്ഞത് ഇതിനോട് സാമ്യമുള്ള എന്തോ ഡയലോഗ് ആണ് "അന്ത പൂ മാതിരി താന്‍ അവളോട സിരി"(സോറി, ഞാന്‍ തമിഴില്‍ ഭയങ്കര വീക്ക് ആണ്. അല്ലെങ്കിലും ഡയലോഗിന്റെ വ്യാകരണത്തില്‍ എന്തിരിക്കുന്നു. അയാള്‍ ഉദ്ദേശിച്ചത് എന്തായാലും മനസ്സിലായില്ലേ,,,). അതു കേട്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി.
കൂട്ടുകാരുടെ അടുത്തേക്ക് പോയപ്പോഴേക്കും അവരിലൊരാള്‍ പറഞ്ഞു "ആഹാ, നിന്റെ മുഖം ട്യൂബ് ലയ്റ്റ് പോലെ പ്രകാശിക്കുന്നുണ്ടല്ലോ. എന്താണാവോ കാര്യം." ഞാന്‍ വീണ്ടും ചിരിച്ചു. അപ്പോഴാണ്‌ അവര്‍ എന്റെ കൈയ്യിലെ പൂക്കള്‍ ശ്രദ്ധിച്ചത്. അല്ലെങ്കിലും Same Day Flower Delivery Sympathy Basket in White പൊതുവേ ഈ മലയാളികള്‍ക്കുള്ള പ്രശ്നമാണ്  എന്തെങ്കിലും തുടങ്ങാനുള്ള മടി. മറ്റാരെങ്കിലും ഒന്ന് തുടങ്ങിവച്ചാല്‍ പിന്നെ എല്ലാവരും അതേപടി ചെയ്യും. അതുതന്നെ ഇവിടെയും സംഭവിച്ചു. ഞാന്‍ പൂവെടുക്കുന്നതുവരെ എല്ലെണ്ണത്തിനും മടി,  ചമ്മല്‍, നാണം... ഇപ്പൊ ഒരു നാണവും ഇല്ലാതെ അവര്‍ ഓടിപ്പോയി ഏറ്റവും നല്ല പൂ എടുക്കാന്‍ വേണ്ടി അടികൂടുന്നു! എന്താ ചെയ്യാ...എന്റെ കൈയ്യിലുള്ള ആ പൂക്കള്‍ നോക്കുമ്പോള്‍ എന്റെ സന്തോഷം കൂടിക്കൂടി വന്നു. ഹോസ്റ്റല്‍ മുറിയില്‍ എത്തിയവശം ഒരു കുപ്പിയില്‍ വെള്ളം നിറച്ച് ആ പൂക്കളുടെ തണ്ട്  അതിനുള്ളില്‍ ഇറക്കിവച്ചു. എന്നിട്ട് അത് മേശയുടെ മേലെ വച്ച് കുറെ നേരം ഇത് തന്നെ നോക്കിക്കൊണ്ടിരുന്നു......
 

1 comment:

  1. മറ്റുള്ളവരുടെ മുഖത്തെ ചിരി താനാണ്  നല്‍കിയത് എന്നുള്ളതാണ് ഏറ്റവും സന്തോഷകരം ,അത് ചിരിയിലൂടെ ആവണമെന്നില്ല ചിന്തയിലൂടെയും പ്രവര്തിയിലൂടെയും ആകാം ..(ഇത് വേറെ ആരോ പറഞ്ഞതാ ).സത്യം .

    ReplyDelete